പ്ലാറ്റ്‌ഫോമുകളിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്ന കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയ ഉണ്ടെന്ന് തുറന്നുസമ്മതിച്ച് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും നല്‍കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ വിശദീകരണം നല്‍കവെയാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്.
നേരത്തെയുള്ള സംവിധാനങ്ങള്‍ ശുദ്ധജലമാണ് നല്‍കുന്നതെന്ന് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ജൂലൈ മുതല്‍ ഗുണമേന്മയുള്ള കുടിവെള്ളം ഉറപ്പുവരുത്തുന്ന തരത്തില്‍ ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനം പരിഷ്‌കരിച്ചു. പുതിയ വ്യവസ്ഥകളും നടപ്പിലാക്കി. മലിനജലം വിതരണം നടക്കാനുള്ള യാതൊരു സാധ്യതയും ഇപ്പോഴില്ല. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താന്‍ പരിഷ്‌കരിച്ച സംവിധാനം പിന്തുടരണമെന്ന് എല്ലാ റെയില്‍വേ സോണുകള്‍ക്കും നിര്‍ദേശം നല്‍കിയതായും റെയില്‍വേ അധികൃതര്‍ പറഞ്ഞു.
100 മില്ലി കുടിവെള്ളത്തില്‍ 10 യൂനിറ്റ് തെര്‍മോടോളറന്റ് കോളിഫോം ബാക്ടീരിയ അനുവദനീയം ആണെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ മെഡിക്കല്‍ മാനുവലില്‍ പറയുന്നു. എന്നാല്‍ യൂണിഫോം ഡ്രിങ്കിങ്ങ് വാട്ടര്‍ ക്വാളിറ്റി മോണിറ്ററിങ്ങ് പ്രോട്ടോകോള്‍ പ്രകാരം കുടിവെള്ളത്തില്‍ ഒരു യൂനിറ്റ് കോളിഫോം പോലും അനുവദനീയമല്ല.
മനുഷ്യവിസര്‍ജ്യത്തിലെ ബാക്ടീരിയകളെ അകറ്റാന്‍ അത്യന്താപേക്ഷികമായ ക്ലോറിനേഷന്‍, ഡല്‍ഹി, ഗാസിയാബാദ്, വാരണാസി. അമ്പാല കുടിവെള്ള വിതരണ കേന്ദ്രങ്ങളില്‍ നടക്കുന്നില്ലെന്ന് ദേശീയ പാരിസ്ഥിതിക എന്‍ജിനീയറിങ് ഗവേഷണ സ്ഥാപനത്തിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."