സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കി. 302 വകുപ്പ് പ്രകാരം കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. അതിനാല്‍ 376ാം വകുപ്പ് പ്രകാരം ബലാല്‍സംഗത്തിന് മാത്രമാണ് ശിക്ഷയെന്നും വകുപ്പ് പ്രകാരം ഏഴു വര്‍ഷം കഠിന തടവാണ് പ്രതിക്കെന്നും കോടതി പറഞ്ഞു.
ജീവപര്യന്തം ലഭിക്കുമായിരുന്നുവെന്ന് പ്രതീക്ഷിച്ച കേസില്‍ തെളിവുകളായി സമര്‍പ്പിച്ച സാക്ഷി മൊഴികള്‍ കൊലപാതകം സ്ഥിരീകരിക്കുന്നില്ലെന്നും അതിനാല്‍ കൂടുതല്‍ ശിക്ഷ വിധിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. 2011 ഫെബ്രുവരി മുതല്‍ ഗോവിന്ദച്ചാമി ശിക്ഷ അനുഭവിച്ചുവരികയാണ്.
കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി ഹരജി നല്‍കിയിരുന്നു. ഈ ഹരജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചത്.
അപ്പീല്‍ പരിഗണിക്കുമ്പോള്‍ കോടതി കൊലപാതകത്തിന് തെളിവ് ആരാഞ്ഞിരുന്നു. ഇതിന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം തെളിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞിട്ടില്ല. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ ഗോവിന്ദച്ചാമിയാണ് സൗമ്യയെ മാനഭംഗപ്പെടുത്തി കൊല ചെയ്തുവെന്ന് ബോധ്യപ്പെടുത്തണമെന്നും സുപ്രിം കോടതി ആവശ്യപെട്ടു.
ഗോവിന്ദച്ചാമിക്ക് എതിരായ കൊലക്കുറ്റം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു കഴിയാതെ വന്നപ്പോഴായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സൗമ്യ കൊല്ലപ്പെടാനിടയായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.
ഗോവിന്ദച്ചാമിക്ക് വിചാരണകോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് പ്രതി നല്‍കിയ അപ്പീലിന്മേലാണ് കോടതി വിധി. ഹൈക്കോടതി മുന്‍ ജഡ്ജിയും മുതിര്‍ന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിഷെ രാജന്‍ ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."