അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ; സന്ദേശങ്ങൾ കൈമാറാൻ പാകിസ്താൻ മധ്യസ്ഥനായേക്കും
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നിർണ്ണായക നയതന്ത്ര നീക്കങ്ങളുമായി ഇറാൻ. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചയിൽ തങ്ങളുടെ നിലപാടുകൾ പാകിസ്താൻ വഴി കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തിയിരുന്നു.
അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുവെന്ന വാർത്തകൾ ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. പകരം, ഇറാന്റെ നിലപാടുകൾ പാക് അധികൃതർക്ക് കൈമാറുകയും അവർ വഴി അത് വാഷിംഗ്ടണിനെ അറിയിക്കുകയുമാണ് ചെയ്യുന്നത്. തടസ്സപ്പെട്ട നയതന്ത്ര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
സമാധാന ഉടമ്പടിക്കുള്ള സാധ്യത നിലനിൽക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് അമേരിക്ക മുന്നോട്ട് വെക്കുന്നത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും ഉപേക്ഷിക്കണം. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സമില്ലാതെ ഉറപ്പാക്കണം എന്നിവയാണ് ട്രംപ് മുന്നോട്ട് വച്ച ആവശ്യങ്ങൾ. വിഷയത്തിൽ ഇറാന്റെ തീരുമാനം നിർണായകമാകും.
ചർച്ചകൾക്കായി പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മുതിർന്ന ഉപദേശകൻ ജാരെദ് കുഷ്‌നറും ഇന്ന് പാകിസ്താനിലെത്തും. എന്നാൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ മുഹമ്മദ് ബാഗർ ഗാലിബാഫും ഇത്തവണത്തെ ചർച്ചകളിൽ പങ്കെടുക്കുന്നില്ല. പാകിസ്താൻ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ പരോക്ഷമായ ചർച്ചകൾ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു.
അതേസമയം ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ആണവ പദ്ധതികൾക്കും എണ്ണക്കടത്തിനും അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് ഇറാന്റെ ആവശ്യം.
പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ അടുത്തിടെ നടത്തിയ തെഹ്റാൻ സന്ദർശനത്തിന് പിന്നാലെയാണ് ഇസ്‌ലാമാബാദിൽ ഈ ഉന്നതതല ചർച്ചകൾ നടക്കുന്നത് എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പാകിസ്താന്റെ മധ്യസ്ഥത എത്രത്തോളം ഫലപ്രദമാകുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
Amid rising tensions in the Middle East, Iran has officially declined direct diplomatic talks with the United States. During a high-level visit to Islamabad by Foreign Minister Abbas Araghchi, Iran clarified that it will relay its official positions to Washington through Pakistani authorities instead of face-to-face negotiations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."