ഫൈനലല്ല, എങ്കിലും പോരാട്ടം കനക്കും; ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും അറിയാം!
ലണ്ടൻ: ലോകകപ്പ് കനകകിരീടത്തിനായുള്ള സ്പെയിൻ–അർജന്റീന മഹാപോരാട്ടത്തിന് തൊട്ടുമുമ്പ് ഫുട്ബോൾ ലോകം മറ്റൊരു ആവേശപ്പോരിന് സാക്ഷ്യം വഹിക്കുന്നു. 2026 ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്ലേ-ഓഫ് മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും ഇന്ന് രാത്രി മാറ്റുരയ്ക്കും. സെമി ഫൈനലിൽ നേരിട്ട അപ്രതീക്ഷിത തോൽവികളുടെ നിരാശ മറന്ന്, പോഡിയം ഫിനിഷോടെ ലോകകപ്പ് യാത്ര അഭിമാനകരമായി അവസാനിപ്പിക്കാനാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
ലൂസേഴ്സ് ഫൈനലിന് പിന്നിലെ ചരിത്രവും കോടികളുടെ സമ്മാനത്തുകയും
ഫിഫയുടെ 'ലൂസേഴ്സ് ഫൈനൽ' എന്നറിയപ്പെടുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടന്ന 1950-ലെ ലോകകപ്പ് ഒഴികെ, 1934 മുതൽ എല്ലാ പുരുഷ ലോകകപ്പുകളിലും ഈ മത്സരം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് വിജയിക്കുന്ന ടീമിന് വെങ്കല മെഡലിനൊപ്പം വൻ തുകയാണ് സമ്മാനമായി ലഭിക്കുക.
മൂന്നാം സ്ഥാനത്തെത്തുന്ന ടീമിന് 29 മില്യൺ യുഎസ് ഡോളറാണ് (ഏകദേശം 243 കോടി രൂപ) ഫിഫ സമ്മാനമായി നൽകുന്നത്. നാലാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്ന തുകയേക്കാൾ 2 മില്യൺ യുഎസ് ഡോളർ (ഏകദേശം 16.7 കോടി രൂപ) അധികമാണിത്. വെറുമൊരു ഔപചാരിക മത്സരത്തിനപ്പുറം വലിയ സാമ്പത്തിക നേട്ടവും ഫിഫ റാങ്കിംഗിൽ വലിയ മുന്നേറ്റവും ഈ ജയം സമ്മാനിക്കും.
ആവേശ നിമിഷങ്ങളും കടുത്ത വിമർശനങ്ങളും
ലോകകപ്പ് ചരിത്രത്തിൽ ഒട്ടനവധി അവിസ്മരണീയ നിമിഷങ്ങൾക്ക് ഈ പ്ലേ-ഓഫ് വേദിയായിട്ടുണ്ട്. 1958-ൽ പശ്ചിമ ജർമ്മനിക്കെതിരെ ഫ്രാൻസിന്റെ ഇതിഹാസ താരം ജസ്റ്റ് ഫോണ്ടെയ്ൻ നാല് ഗോളുകൾ അടിച്ചുകൂട്ടിയതും, 2002-ൽ ദക്ഷിണ കൊറിയക്കെതിരെ തുർക്കിയുടെ ഹകാൻ സുകുർ വെറും 11-ാം സെക്കൻഡിൽ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയതും ഇത്തരം മത്സരങ്ങളിലായിരുന്നു.
എങ്കിലും, സെമിയിൽ തോറ്റ് പുറത്താകുന്ന ടീമുകളെ വീണ്ടും കളിപ്പിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. ഫൈനലിൽ കയറാത്തതിന്റെ മാനസിക വിഷമത്തിലിരിക്കുന്ന കളിക്കാർക്ക് ഈ മത്സരം വലിയ വൈകാരിക ഭാരമാണ് നൽകുന്നതെന്ന് പല പ്രമുഖ പരിശീലകരും വാദിക്കുന്നു. മുൻ ഡച്ച് പരിശീലകൻ ലൂയിസ് വാൻ ഗാൽ ഇതിനെ പരസ്യമായി എതിർത്ത വ്യക്തിയാണ്. "ഈ മത്സരം തികച്ചും അന്യായമാണ്, ഇത് ഒരിക്കലും നടത്തരുത്. ലോക ചാമ്പ്യന്മാരാകുക എന്നത് മാത്രമാണ് പ്രധാനം. സെമിയിൽ തോറ്റ ശേഷം മറ്റൊരു മത്സരം കൂടി തോറ്റ് രണ്ട് പരാജയങ്ങളുമായി ഒരു ടീം ടൂർണമെന്റ് വിടേണ്ടി വരുന്നത് അവരുടെ മുൻപത്തെ കഠിനാധ്വാനത്തെ റദ്ദാക്കുന്നതിന് തുല്യമാണ്," വാൻ ഗാൽ മുൻപ് വ്യക്തമാക്കിയിരുന്നു.
വിമർശനങ്ങൾ ഒരുവശത്തുണ്ടെങ്കിലും, ഫ്രാൻസിനെപ്പോലെയും ഇംഗ്ലണ്ടിനെപ്പോലെയും ഉള്ള വമ്പൻ ടീമുകൾക്ക് ലോകവേദിയിൽ മൂന്നാം സ്ഥാനം നേടുക എന്നത് അഭിമാനപ്രശ്നമാണ്. കോടികളുടെ സമ്മാനത്തുകയും നേഷൻസ് ലീഗ് സീഡിംഗിലെ സാധ്യതകളും മുന്നിലുള്ളതിനാൽ ആരാധകർക്ക് മനോഹരമായൊരു ഫുട്ബോൾ വിരുന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."