'വിചാരണ ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല'; ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: യു.എ.പി.എ ചുമത്തി ജയിലിലടച്ച വിദ്യാർഥി നേതാവും സാമൂഹിക പ്രവർത്തകനുമായ ഷർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലിസിന്റെ നിലപാട് തേടി ഡൽഹി ഹൈക്കോടതി. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസുമാരായ പ്രതിഭ എം. സിങ്, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ചാണ് പൊലിസിന് നോട്ടീസ് അയച്ചത്. മറുപടി നൽകാൻ കോടതി രണ്ട് ആഴ്ചത്തെ സമയം അനുവദിക്കുകയും കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 27ലേക്ക് മാറ്റുകയും ചെയ്തു.
ഷർജീൽ ഇമാമിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയാണ് വിചാരണക്കോടതി തള്ളുന്നത്. ജൂലൈ 4ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഷർജീൽ ഇമാം ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരിയിൽ സുപ്രിം കോടതി ജാമ്യം നിഷേധിച്ചതിന് ശേഷമുണ്ടായ സാഹചര്യങ്ങൾ പരിഗണിക്കുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ഷർജീലിന് വേണ്ടി ഹാജരായ അഭിഭാഷകൻ താലിബ് മുസ്തഫ വാദിച്ചു. കേസ് രജിസ്റ്റർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദങ്ങൾക്കപ്പുറം വിചാരണ നടപടികൾ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ലെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
എന്നാൽ, വിചാരണ വൈകുന്ന കാര്യം സുപ്രിം കോടതി നേരത്തെ തന്നെ പരിഗണിച്ചിട്ടുള്ളതാണെന്ന് ഡൽഹി പൊലിസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. കേസിലെ പ്രതികളുടെ എണ്ണം കൂടുതലായതിനാൽ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദങ്ങൾ 200 ദിവസത്തിലേറെ നീണ്ടുനിന്നതായും കേസിൽ ഉടൻ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
2019-ൽ സി.എ.എ, എൻ.ആർ.സി വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹിയിലുണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഗൂഢാലോചനക്കുറ്റം ആരോപിച്ചാണ് 2020 ഓഗസ്റ്റ് 25ന് ഷർജീൽ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. സുപ്രിം കോടതിയുടെ മുൻ ഉത്തരവുള്ളതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ സാങ്കേതികമായി കഴിയില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്. എന്നാൽ ജാമ്യാപേക്ഷ സ്വതന്ത്രമായി പരിശോധിക്കാൻ വിചാരണക്കോടതി തയ്യാറായില്ലെന്ന് ഷർജീൽ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു.
ഡൽഹി കലാപക്കേസിലെ ഗൂഢാലോചന ആരോപിച്ച് ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രിം കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. എന്നാൽ ഇതേ കേട്ടിലെ മറ്റ് പ്രതികളായ ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫാ ഉർ റഹ്മാൻ, മുഹമ്മദ് സലിം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കുറ്റകൃത്യത്തിലെ പങ്കാളിത്തത്തിന്റെ സ്വഭാവം കണക്കിലെടുത്ത് എല്ലാ പ്രതികളെയും ഒരുപോലെ കാണാനാകില്ലെന്നും, ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ യു.എ.പി.എ പ്രകാരം പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നുമാണ് അന്ന് കോടതി വിലയിരുത്തിയത്.
the delhi high court intervened in the bail plea of activist sharjeel imam, expressing concern over the lack of progress in his trial. the court noted that the trial had not moved even an inch, raising questions about the delay in the legal proceedings against him.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."