ബാലിഗ കൊലപാതകം: ആര്‍.എസ്.എസ് നേതാവിന് ജാമ്യം
മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകനും ബി.ജെ.പി അനുഭാവിയുമായ വിനായക പാണ്ഡുരംഗ ബാലിഗയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയായ ആര്‍.എസ്.എസ് നേതാവ് നരേഷ് ഷേണായിക്ക് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കി.
നഗരത്തിലെ വിവരാവകാശ പ്രവര്‍ത്തകനായ വിനായക പാണ്ഡുരംഗ ബാലിഗയെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതും നരേഷ് ഷേണായിയാണെന്നു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളികള്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 21 നാണ് ബാലിഗയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രഭാത നടത്തത്തിനിറങ്ങിയ ഇയാളെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സംഘം കൊലപ്പെടുത്തിയത്.
മംഗളൂരു നഗരത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ബാലിഗയുടെ കൊലപാതകം. കൊലയെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന നരേഷിനെ ജൂണ്‍ 26നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
രണ്ടു ലക്ഷം രൂപ കോടതിയില്‍ കെട്ടിവെക്കാനും മംഗളൂരു സ്വദേശികളായ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലുമാണ് നരേഷിന് കോടതി ജാമ്യം അനുവദിച്ചത്. ഇതിന് പുറമേ ഇയാളുടെ പാസ്‌പോര്‍ട്ടും വിസയും അനുബന്ധ രേഖകളും കോടതിയില്‍ ഹാജരാക്കണം.
എല്ലാ ഞായറാഴ്ചയിലും പൊലിസ് സ്റ്റേഷനിലെത്തി ഒപ്പു രേഖപ്പെടുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കേസില്‍ വിധി പറയുന്നത് വരെ സ്ഥലം വിടരുതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു.
നമോ ബ്രിഗേഡ് എന്ന തീവ്ര ഹിന്ദു പ്രാദേശിക സംഘടനയുടെ സ്ഥാപകനാണ് നരേഷ് ഷേണായി. കേസില്‍ നരേഷ് ഷേണായി ഉള്‍പ്പടെ എട്ടുപേരാണ് പ്രതികളായി ഉള്ളത്. നഗരത്തിലെ ബില്‍ഡര്‍മാര്‍ക്കും, വൈദ്യുതി മോഷ്ടാക്കള്‍ക്കും മറ്റു മാഫിയകള്‍ക്കും പേടി സ്വപ്‌നമായിരുന്നു വധിക്കപ്പെട്ട വിനായക ബാലിഗ.
നഗരത്തിലെ പ്രസിദ്ധമായ ഗൗഡ സാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ വെങ്കിട്ടരമണ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച കേസ് കര്‍ണാടക ഹൈക്കോടതി വിചാരണക്കെടുക്കും മുമ്പാണ് വിനായക ബാലിഗ കൊല്ലപ്പെട്ടത്. ഈ ക്ഷേത്രത്തില്‍ നടന്ന ക്രമക്കേടുകള്‍ പുറത്തു കൊണ്ടുവരാന്‍ ഇയാള്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."