നീതിയുടെ അഞ്ച് തൂണുകൾ കോൺഗ്രസ് ഇന്ന് ഉറപ്പിക്കും; കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കും
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. നീതിയുടെ അഞ്ച് തൂണുകൾ എന്ന മുദ്രാവാക്യത്തിൽ ഊന്നിയാകും പ്രഖ്യാപനങ്ങൾ. രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽ നൽകിയ ഉറപ്പുകളാകും പ്രകടന പത്രികയിൽ പ്രതിഫലിക്കുക. എ.ഐ.സി.സി. ആസ്ഥാനത്ത് 11.30-ന് ആണ് പത്രിക പ്രഖ്യാപനം.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ചേർന്നാണ് പത്രിക പുറത്തിറക്കുക. പ്രിയങ്കാ ഗാന്ധി, കെ.സി വേണുഗോപാൽ, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. അഞ്ചു നീതികളടങ്ങിയ 25 വാഗ്ദാനങ്ങൾ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രകടന പത്രികയിൽ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും.
സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രാധാന്യം നൽകുന്ന പ്രഖ്യാപനങ്ങളുണ്ടാകും. യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്ന കാര്യവും പ്രകടന പത്രികയുടെ ഹൈലൈറ്റാകും. ഇതിനുപുറമേ അഗ്‌നിവീർ നിർത്തലാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രകടനപത്രികയിലുണ്ടാവുമെന്നാണ് സൂചന.
അതേസമയം, നാളെ രാജസ്ഥാനിലെ ജയ്‍പുരിലും തെലങ്കാനയിലെ ഹൈദരാബാദിലും രണ്ട് വമ്പൻ റാലികൾ സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ജയ്പുരിൽ ഖാർഗെ, സോണിയ, രാഹുൽ, പ്രിയങ്ക തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
ഹൈദരാബാദിൽ രാഹുലുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."