ഡയാലിസിസ് രോഗികളോട് കേന്ദ്രത്തിൻ്റെ കണ്ണില്ലാ ക്രൂരത..!
മഞ്ചേരി: ജീവൻ നിലനിർത്താൻ ഡയാലിസിസിന് വിധേയരായിരുന്ന രോഗികൾക്ക് കേന്ദ്രസർക്കാരിൻ്റെ ദുർവാശി കാരണം നിലവിൽ ജീവൻ നഷ്‌ടമാകുന്ന സ്ഥിതിയാണ്. വർഷങ്ങളായി തുടർന്നിരുന്ന രീതി ഉപേക്ഷിച്ച് ബയോമെട്രിക് പരിശോധനയിൽ അനാവശ്യമായ ഇടപെടൽ ഉണ്ടായതോടെ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയിൽ ഡയാലിസിസിനെത്തുന്ന രോഗികൾ ദുരിതത്തിലാവുകയാണ്.
സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 12,367 രോഗികളാണ് ഇൻഷൂറൻസ് പരിരക്ഷയിൽ ഡയാലിസിസ് ചെയ്യുന്നത്. ഇവരെ പ്രയാസപ്പെടുത്തുന്ന നിലപാടാണ് ബയോമെട്രിക് പരിശോധന കർശനമാക്കിയതിലൂടെ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. നേരത്തെ ഒരുതവണ ബയോമെട്രിക് പരിശോധന നടത്തിയാൽ 12 ഡയാലിസിസുകൾ ചെയ്യാമായിരുന്നു. പുതിയ തീരുമാനപ്രകാരം ഏപ്രിൽ നാലു മുതൽ ഓരോ തവണ ഡയാലിസിസ് ചെയ്യുന്നതിനും ബയോമെട്രിക് പരിശോധന ആവശ്യമാണ്. ബയോമെട്രിക് സംവിധാനത്തിന്റെ ഭാഗമായിട്ടില്ലെങ്കിൽ ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷൂറൻസ് ലഭിച്ചില്ലെങ്കിൽ ഡയാലിസിസിന് വലിയ തുക നൽകേണ്ടി വരുമെന്നതിനാൽ രോഗികൾ പ്രയാസം സഹിച്ചും ആശുപത്രികളിൽ മണിക്കൂറുകൾ കാത്തുകഴിയുകയാണ്.
ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് ഡയാലിസിസ് ചെയ്യണമെങ്കിൽ ഡയാലിസിസിന് മുമ്പും ശേഷവും വിരലടയാളവും കൃഷ്ണമണിയുടെ സ്കാനിങ്ങും നടത്തണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിർദേശം.
ഇതോടെ മണിക്കൂറുകൾ ഊഴം കാത്തിരിക്കേണ്ട ഗതിക്കേടിലാണ് രോഗികൾ. ആഴ്ചയിൽ മൂന്ന് ഡയാലിസിസുകൾ വരെ ചെയ്യുന്ന രോഗികളുണ്ട്. ഇവർക്ക് വലിയ ശാരീരിക പ്രയാസങ്ങളാണ് പുതിയ നിർദേശംമൂലം നേരിടേണ്ടി വരുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾ ദീർഘനേരം ബയോമെട്രിക് പരിശോധനയ്ക്കായി കാത്തിരിക്കണം. നാല് മണിക്കൂറോളം സമയം ഡയാലിസിസിന് വിധേയരാകുന്ന രോഗികൾ ചികിത്സ പൂർത്തിയാകുമ്പോഴേക്കും ശരീരം തളരും. ഇതിന് ശേഷം വീണ്ടും പരിശോധനക്കായി വരിനിൽക്കണം. പരിശോധന നടപടികൾക്ക് ദീർഘസമയം വേണ്ടിവരുമെന്നതിനാൽ കൃത്യസമയത്ത് ഡയാലിസിസിന് വിധേയരാകാൻ സാധിക്കുന്നില്ലെന്നും അതിരാവിലെ ഡയാലിസിസിനായി എത്തിയിട്ടും നേരം ഇരുട്ടിയതിന് ശേഷമാണ് വീട്ടിലെത്താൻ കഴിയുന്നതെന്നും രോഗികൾ പറയുന്നു.
ഇളവ് ആവശ്യപ്പെട്ടെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
മഞ്ചേരി: രോഗികളുടെ പ്രയാസം അകറ്റാൻ കേന്ദ്രസർക്കാരിന്റെ നിർദേശത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് നാഷനൽ ഹെൽത്ത് അതോറിറ്റിക്ക് കത്ത് നൽകിയതായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി അധികൃതർ പറഞ്ഞു. കേന്ദ്രത്തിൻ്റെ പുതിയ നിർദേശം വന്നയുടൻ തന്നെ കത്ത് നൽകിയിരുന്നു. ഇതിന് മറുപടിയൊന്നും ലഭിച്ചില്ല. പ്രയാസങ്ങൾ പറഞ്ഞ് രോഗികളിൽ നിന്നും ആശുപത്രികളിൽ നിന്നും നിരന്തരം പരാതികൾ ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."