ഡൽഹി ഹൈക്കോടതിയിൽ വിർച്വൽ വാദത്തിനിടെ അശ്ലീല വീഡിയോ; നടപടികൾ തടസ്സപ്പെട്ടു, ഐ.എഫ്.എസ്.ഒ അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ നടന്ന വിർച്വൽ വാദത്തിനിടെ അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ച് ഓൺലൈനായി കേസ് പരിഗണിക്കവെയാണ് അതീവ ഗൗരവകരമായ സൈബർ സുരക്ഷാ വീഴ്ചയുണ്ടായത്. ഒന്നിലധികം തവണ ദൃശ്യങ്ങൾ ആവർത്തിച്ചതോടെ കോടതി നടപടികൾ നിർത്തിവെച്ചു.
ഓൺലൈൻ വാദത്തിനിടെ അജ്ഞാത ഉപയോക്താവ് ലോഗിൻ ചെയ്യുകയും സ്ക്രീൻ പങ്കുവെച്ച് അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുകയുമായിരുന്നു. ഇതേത്തുടർന്ന് രണ്ട് തവണ കോടതി നടപടികൾ തടസ്സപ്പെട്ടു.
ദൃശ്യങ്ങൾ പ്ലേ ചെയ്യുന്നതിന് മുൻപായി 'നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു' എന്ന സന്ദേശവും സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ വീഡിയോ കോൺഫറൻസിങ് സംവിധാനത്തെ ലക്ഷ്യമിട്ടുള്ള ആസൂത്രിത സൈബർ ആക്രമണമാണിതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
ശ്രീധർ സർനോബത്, ഷിത്ജീത് സിങ് എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിൽ നിന്നാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ, തന്റെ അക്കൗണ്ട് അമേരിക്കയിൽ നിന്ന് ആരോ ഹാക്ക് ചെയ്തതാണെന്നും ദൃശ്യങ്ങൾ വന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് ഷിത്ജീത് സിങ് മൊഴി നൽകിയിരിക്കുന്നത്. "ജുഡീഷ്യൽ നടപടിക്രമങ്ങളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. കോടതിയുടെ ഡിജിറ്റൽ സംവിധാനങ്ങളിലെ വിടവുകൾ പരിശോധിക്കേണ്ടതുണ്ട് എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ ഡൽഹി പൊലിസിന്റെ പ്രത്യേക സൈബർ ക്രൈം വിഭാഗമായ ഐ.എഫ്.എസ്.ഒ (IFSO - Fusion and Strategic Operations) യൂണിറ്റിന് കോടതി അധികൃതർ പരാതി നൽകി. സങ്കീർണ്ണമായ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതാണ് ഐ.എഫ്.എസ്.ഒ എന്ന ഈ വിഭാഗം. ഹാക്കിംഗിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോടതി മുറികളിലെ സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്.
Proceedings at the Delhi High Court were recently disrupted when an obscene video was played during a virtual hearing. The incident occurred while a bench was conducting routine legal matters via video conferencing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."