യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്
ദുബൈ: യുഎഇയിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. കഴിഞ്ഞ വർഷം രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്ത 6,014 അപകടങ്ങളിൽ ഭൂരിഭാഗവും ചെറുവാഹനങ്ങൾ ഉൾപ്പെട്ടതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൃത്യമായ പ്ലാനിംഗില്ലാതെ പെട്ടെന്ന് വശങ്ങളിലേക്ക് തിരിയുന്നതും ഡ്രൈവിംഗിനിടയിലെ ശ്രദ്ധക്കുറവുമാണ് പലപ്പോഴും ദുരന്തങ്ങൾക്ക് കാരണമാകുന്നത്.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,834 അപകടങ്ങളിൽ ചെറുവാഹനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. മറ്റ് വാഹന വിഭാഗങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്ന നിരക്കാണ്. 1,224 അപകടങ്ങളുമായി മോട്ടോർ സൈക്കിളുകൾ രണ്ടാം സ്ഥാനത്തും, 325 അപകടങ്ങളുമായി ഹെവി ട്രക്കുകൾ മൂന്നാം സ്ഥാനത്തുമാണ്. സൈക്കിളുകൾ (158), ഹെവി ബസുകൾ (131), ഇലക്ട്രിക് സ്കൂട്ടറുകൾ (120) എന്നിവയും അപകടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ആകെ റിപ്പോർട്ട് ചെയ്ത അപകടങ്ങളിൽ 4,085 എണ്ണവും വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടികളാണ്. 1,102 സംഭവങ്ങളിൽ കാൽനടയാത്രക്കാർ വാഹനമിടിച്ച് അപകടത്തിൽപ്പെട്ടു. വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ 800 അപകടങ്ങളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റോഡിലെ അച്ചടക്കമില്ലായ്മയാണ് പലപ്പോഴും ദാരുണമായ അപകടങ്ങളിലേക്ക് നയിക്കുന്നത്. മുൻകൂട്ടി സൂചന നൽകാതെ പെട്ടെന്ന് വശങ്ങളിലേക്ക് തിരിയുന്നതും ലെയ്ൻ മാറുന്നതുമാണ് ഇതിൽ പ്രധാന വില്ലൻ; കഴിഞ്ഞ വർഷം മാത്രം 1,074 അപകടങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഉപയോഗം ഉൾപ്പെടെയുള്ള ശ്രദ്ധ മാറ്റുന്ന പ്രവൃത്തികൾ 948 അപകടങ്ങൾക്കും, തൊട്ടുമുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാത്തത് 849 അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
അമിതവേഗതയും ട്രാഫിക് സിഗ്നലുകളുടെ ലംഘനവുമാണ് അപകടങ്ങളുടെ മറ്റൊരു പ്രധാന വശം. റെഡ് സിഗ്നലുകൾ അവഗണിച്ചു മുന്നോട്ട് പോകുന്നതും റോഡിന്റെ അവസ്ഥയോ കാലാവസ്ഥയോ പരിഗണിക്കാതെ അമിതവേഗതയിൽ വാഹനമോടിക്കുന്നതും സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഓവർടേക്കിംഗും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത ഇത്തരം നടപടികൾ റോഡുകളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും ഇടയാക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുന്നതും ടയറുകൾ പൊട്ടിത്തെറിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പരിശോധനകളും ബോധവൽക്കരണ പരിപാടികളും ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
careless driving causes a rise in road accidents across the uae, raising safety concerns among authorities. officials urge motorists to follow traffic rules, avoid reckless behavior, and prioritize road safety to reduce fatalities and injuries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."