ഹോര്‍മുസ് ഭാഗികമായി തുറന്നു; വെള്ളിയാഴ്ചയോടെ പൂര്‍ണമായി തുറക്കുമെന്ന് ട്രംപ്
തെഹ്‌റാന്‍ /വാഷിങ്ടണ്‍ : ഒടുവില്‍ സ്ഥിരം വെടിനിര്‍ത്തല്‍ കരാറിലെത്തിയിരിക്കുകയാണ് ഇറാനും യു.എസും. കരാറില്‍ ഡിജിറ്റല്‍ ഒപ്പ് വച്ചതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു. യു.എസ് നാവിക ഉപരോധം പിന്‍വലിക്കാനും തീരുമാനമായി. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്റില്‍ കരാറില്‍ ഒപ്പുവയ്ക്കും.
സമാധാന കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ തോതില്‍ സജ്ജമാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. നിലവില്‍ കടലിടുക്ക് ഭാഗികമായി തുറന്നിട്ടുണ്ട്. ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇടനിലക്കാരായ പാകിസ്ഥാനാണ് കരാര്‍ സംബന്ധിച്ച വിവരം ആദ്യം പുറത്തുവിട്ടത്. പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായെന്നും ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്നും അറിയിച്ചു. നേരത്തെ ഞായറാഴ്ച ജനീവയില്‍ ഒപ്പിടുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഇറാന്‍ നിഷേധിച്ചിരുന്നു. ഹോര്‍മുസില്‍ തങ്ങളും ഒമാനും ചേര്‍ന്ന് കപ്പലുകള്‍ക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈല്‍ ബാഗേയ് പറഞ്ഞു. മറ്റുള്ള തല്‍പരകക്ഷികളുമായും ഹോര്‍മുസ് വിഷയത്തില്‍ ചര്‍ച്ച നടത്തും. ഇറാനില്‍ യു.എസ് ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മിക്കാന്‍ യു.എസ് പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ലബനാനും വെടിനിര്‍ത്തല്‍ കരാറിന്റെ ചട്ടക്കൂട്ടില്‍ വരുമെന്ന് ഇറാന്‍ ഓര്‍മപ്പെടുത്തി. അതിനിടെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. ഇറാന്‍- യു.എസ് വെടിനിര്‍ത്തല്‍ ലബനാനിലും പ്രാവര്‍ത്തികമാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡെറ്ക് മെര്‍സ് പറഞ്ഞു.
യു.എസ്- ഇറാന്‍ കരാര്‍ യാഥാര്‍ഥ്യമായെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ യു.എസ് ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായി. ഇന്ത്യന്‍ മാര്‍ക്കറ്റിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എണ്ണ വിപണിയിലും ആശ്വാസം രേഖപ്പെടുത്തിയ ദിനമായിരുന്നു ഇന്നലെ. ഇറാന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ കുവൈത്ത് പുനരാരംഭിച്ചു. ഗള്‍ഫ്, അറബ്, വിദേശ വിമാനങ്ങള്‍ക്കാണ് സര്‍വിസ് നടത്താന്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്.
ഇന്ത്യയിലേക്കുള്ള എല്‍.എന്‍.ജി കപ്പല്‍ കടലിടുക്ക് പിന്നിട്ടു
മുംബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ഉടമ്പടി സാധ്യമായതോടെ ഹോര്‍മുസ് കടലിടുക്കില്‍ ഗതാഗതം പുനരാരംഭിക്കുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ എല്‍.എന്‍.ജി കാരിയറായ ദിശ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. ഖത്തറിലെ റാസ് ലഫാന്‍ എക്സ്പോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് 62,370 മെട്രിക് ടണ്‍ എല്‍.എന്‍.ജിയുമായി പുറപ്പെട്ട കപ്പല്‍, മാര്‍ച്ച് മുതല്‍ ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് ഈ കപ്പലിനെ നിയന്ത്രിക്കുന്നത്. കപ്പല്‍ വ്യാഴാഴ്ചയോടെ ഗുജറാത്തിലെ ദഹേജില്‍ എത്തുമെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള കരാര്‍ വെള്ളിയാഴ്ചയാണ് ഒപ്പുവയ്ക്കുന്നതെങ്കിലും മേഖലയിലെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയ ശേഷം മാത്രമേ സാധാരണഗതിയിലുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കൂ. കരാറിന്റെ അടിസ്ഥാനത്തില്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ കടലിടുക്കിലെ കപ്പല്‍ ഗതാഗതം യുദ്ധത്തിന് മുന്‍പുള്ള സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്
donald trump says the hormuz strait has been partially reopened and is expected to become fully operational by friday amid ongoing global concerns over oil supply and regional security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."