ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി
നാലു ദിവസം കൊണ്ട് ഇറാനെ തങ്ങള്‍ക്കു മുന്നില്‍ മുട്ടിലിഴപ്പിക്കാമെന്ന് കണക്കുകൂട്ടി അമേരിക്കയും ഇസ്‌റാഈലും തുടങ്ങിയ യുദ്ധം 108ാം ദിനത്തില്‍ ഒത്തുതീര്‍പ്പ് ധാരണയിലെത്തുമ്പോള്‍, അക്ഷരാര്‍ഥത്തില്‍ തോറ്റത് അമേരിക്കയും ഇസ്‌റാഈലും. ഇറാനിലെ ഭരണമാറ്റം എന്നു വിശേഷിപ്പിച്ച് തുടങ്ങിയ യുദ്ധം ഇറാനിലെ രണ്ടാംനിര നേതാക്കളുടെ കരുത്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുറന്നുസമ്മതിക്കുന്ന ഘട്ടത്തിലെത്തി. ലോകത്തെ ഒന്നാം നമ്പര്‍ ആയുധ ശക്തികളായ അമേരിക്കയെ 16ാം സ്ഥാനത്തുള്ള ഇറാന്‍ ആയുധം ഉപയോഗിച്ച് ഏറ്റുമുട്ടാതെ പൊടുന്നനെ യുദ്ധത്തിന്റെ ഗതി സാമ്പത്തിക യുദ്ധമാക്കിമാറ്റി കെണിയില്‍പ്പെടുത്തി. അമേരിക്കയെ വിശ്വസിച്ച ഗള്‍ഫ് രാജ്യങ്ങളെ ശക്തമായി ആക്രമിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇസ്‌റാഈലിനും കനത്ത തിരിച്ചടി കിട്ടിയതോടെ ആക്രമണത്തില്‍നിന്ന് താല്‍ക്കാലിക വെടിനിര്‍ത്തലോടെ പിന്മാറി.
ജനപിന്തുണയില്‍ വന്‍ ഇടിവു ട്രംപ് നേരിടുകയും യു.എസില്‍ വിലക്കയറ്റം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പഠിച്ചപണി പതിനെട്ടും ട്രംപ് പയറ്റിയെങ്കിലും പരമാവധി നീട്ടിക്കൊണ്ടുപോയി പ്രതിസന്ധി രൂക്ഷമാക്കാനാണ് ഇറാന്‍ ശ്രമിച്ചത്. ഇത് ആഗോള സാമ്പത്തിക രംഗത്തെ മുള്‍മുനയില്‍ നിര്‍ത്തി. ലോകം യുദ്ധക്കെടുതി അനുഭവിച്ചതോടെ അമേരിക്ക ഒറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. ഹോര്‍മുസ് തുറക്കാതെ ഇറാന്‍ സാമ്പത്തിക യുദ്ധം നീട്ടിക്കൊണ്ടുപോയതില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വെള്ളംകുടിച്ചു. ലോകക്രമത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്ന യുദ്ധമായി വിലയിരുത്തപ്പെടുന്ന രീതിയിലേക്ക് ഇറാന്‍ യുദ്ധം വഴിതിരിച്ചുവിട്ടു.
പാകിസ്താന്റെ മധ്യസ്ഥതയില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒപ്പുവയ്ക്കാനിരിക്കുന്ന സമാധാനക്കരാറും ഇറാനെതിരെയുള്ള നാവിക ഉപരോധം പിന്‍വലിച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും 'വെടിനിര്‍ത്തല്‍' മാത്രമല്ല. പകരം, ആധുനിക യുദ്ധചരിത്രത്തില്‍ ലോക പൊലിസിനും അവരുടെ വിശ്വസ്ത പങ്കാളിയായ ഇസ്‌റാഈലിനും ഏറ്റ വന്‍ തിരിച്ചടിയുടെ ഔദ്യോഗിക സാക്ഷ്യപ്പെടുത്തലാണ്.
ഇറാനിലെ ഭരണമാറ്റവും അവരുടെ ആണവ ബാലിസ്റ്റിക് മിസൈല്‍ ശേഷിയുടെ സമ്പൂർണ തകര്‍ച്ചയും ലക്ഷ്യമിട്ട് 2026 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം, നാലാം മാസത്തിലേക്ക് കടക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ ഒന്നും നേടാനാകാതെ സൂപ്പര്‍ പവറുകള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
തകര്‍ന്നത് അപ്രമാദിത്വത്തിന്റെ മിഥ്യാധാരണകള്‍
യുദ്ധത്തിന്റെ തുടക്കത്തില്‍ അത്യാധുനിക ആയുധബലവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇറാന്റെ പ്രതിരോധം തകര്‍ക്കാമെന്നായിരുന്നു യു.എസ് - ഇസ്‌റാഈല്‍ സഖ്യം കണക്കുകൂട്ടിയിരുന്നത്. പരമോന്നത നേതാവ് അലി ഖാംനഇ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വധവും ശക്തമായ വ്യോമാക്രമണങ്ങളും ഇറാനെ തളര്‍ത്തുമെന്ന് അവര്‍ കരുതി. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ഇറാന്റെ രണ്ടാം നിര ഒന്നാം നിരയേക്കാള്‍ ശക്തരായിരുന്നുവെന്ന് ട്രംപ് തന്നെ സമ്മതിച്ചു.
ഇറാന്റെ പ്രത്യാക്രമണ ശേഷി
യു.എസ് താവളങ്ങള്‍ക്കും ഇസ്‌റാഈല്‍ നഗരങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തിയ ശക്തമായ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ പാശ്ചാത്യ പ്രതിരോധ കോട്ടകളെ വിറപ്പിച്ചു. ഇറാന്റെ ഷാഹദ് ഡ്രോണുകള്‍ അമേരിക്കയുടെ സൈനിക താവളങ്ങളില്‍ കനത്ത നാശം വിതച്ചു. യു.എസിന്റെ എഫ് 35 ഉള്‍പ്പെടെ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. അപ്പാഷെ കോപ്ടര്‍ വീഴ്ത്തിയതോടെ യു.എസിന്റെ ആയുധങ്ങളുടെ പ്രതിരോധ ശേഷിയുടെ പോരായ്മ ലോകത്തിനു മുന്നില്‍ മറനീക്കപ്പെട്ടു.
അറബ് രാജ്യങ്ങളുടെ നിലപാട്
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, യുദ്ധം തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്ന് മനസിലാക്കിയ സഊദി അറേബ്യയും ഖത്തറും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കന്‍ സഖ്യത്തിനൊപ്പം ചേരാന്‍ വിസമ്മതിച്ചു. ഇത് യു.എസിനെ മേഖലയില്‍ കൂടുതല്‍ ഒറ്റപ്പെടുത്തി. യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങളിലാണ് കനത്ത ആക്രമണങ്ങള്‍ ഇറാന്‍ കൂടുതലും നടത്തിയത്.
പുതിയ പശ്ചിമേഷ്യന്‍ ക്രമം
തങ്ങളെ ആക്രമിച്ചാല്‍ പശ്ചിമേഷ്യയെ ഒന്നാകെ നിശ്ചലമാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഇറാന്‍ തെളിയിച്ചു. ഈ യുദ്ധത്തിന്റെ പര്യവസാനം പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്കുള്ള സ്വാധീനം ഗണ്യമായി കുറയ്ക്കും. മേഖലയിലെ രാജ്യങ്ങള്‍ ഇനി സുരക്ഷയ്ക്കായി യു.എസിനെ മാത്രം ആശ്രയിക്കാതെ കൂടുതല്‍ സ്വയംഭരണാധികാരമുള്ള നയങ്ങളിലേക്ക് നീങ്ങാന്‍ ഇത് കാരണമാകും.
ചുരുക്കത്തില്‍, തോക്കുകളും മിസൈലുകളും കൊണ്ട് ഇറാനെ ഭൂപടത്തില്‍ നിന്ന് മാറ്റാമെന്ന് കരുതിയവര്‍ക്ക്, ഇറാന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സമാധാനക്കരാറില്‍ ഒപ്പുവച്ച് പിന്മാറേണ്ടിവന്നത് ചരിത്രത്തിലെ മറ്റൊരു വന്‍ശക്തിയുടെ പതനത്തിന്റെ പ്രഖ്യാപനം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."