പെരമ്പൂർ നിലനിർത്തി വിജയ്; തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഉപതെരഞ്ഞെടുപ്പ്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി മുഖ്യമന്ത്രി വിജയ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നായ തിരുച്ചിറപ്പള്ളി ഈസ്റ്റ് അദ്ദേഹം ഒഴിഞ്ഞു. പകരം ചെന്നൈയിലെ പെരമ്പൂർ മണ്ഡലം നിലനിർത്താനാണ് വിജയ്‌യുടെ തീരുമാനം.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് വിജയ് തന്റെ രാജി കത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറിയത്. ഇതോടെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി.
തിരുച്ചിറപ്പള്ളി ഈസ്റ്റിലും പെരമ്പൂരിലും വൻ ഭൂരിപക്ഷത്തോടെയായിരുന്നു വിജയ്‌യുടെ കടന്നുവരവ്. ഡിഎംകെ സ്ഥാനാർഥി എസ്. ഇനിഗോ ഇരുദയരാജിനെ 25,000-ത്തോളം വോട്ടുകൾക്കാണ് വിജയ് പരാജയപ്പെടുത്തിയത്. 91,381 വോട്ട് നേടുകയും കാൽലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് വിജയ് ഇവിടെ ജയിച്ചത്. പെരമ്പൂരിൽ ഡിഎംകെയുടെ ആർ.ഡി. ശേഖറിനെതിരെ 1,20,365 വോട്ടുകൾ നേടിയാണ് വിജയ് കരുത്തുകാട്ടിയത്.
തൃഷ രാഷ്ട്രീയത്തിലേക്ക്?
വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ആര് മത്സരിക്കും എന്നതിനെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തമാണ്. തെന്നിന്ത്യൻ നടി തൃഷ തമിഴക വെട്രി കഴകത്തിൽ (TVK) ചേരുമെന്നും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. പാർട്ടി നേതൃത്വത്തിന് തൃഷയുടെ കാര്യത്തിൽ താൽപ്പര്യമുണ്ടെങ്കിലും താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സഖ്യകക്ഷികളുടെ നിലപാട് നിർണായകം
234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയാണ് ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കേവലഭൂരിപക്ഷമായ 118 തികയ്ക്കാൻ കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), മുസ്‌ലിം ലീഗ് (2), വിസികെ (2) എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്. ഈ സാഹചര്യത്തിൽ, ഒഴിഞ്ഞുകിടക്കുന്ന സീറ്റ് സഖ്യകക്ഷികൾക്ക് നൽകുമോ അതോ ടിവികെ തന്നെ നിലനിർത്തുമോ എന്നതിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.
Newly sworn-in Tamil Nadu Chief Minister Vijay has officially resigned from the Tiruchirappalli East constituency while choosing to retain his seat in Perambur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."