ചായ കുടിക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; വസ്ത്രങ്ങൾ വലിച്ചുകീറി, വംശീയമായി അധിക്ഷേപിച്ചു; 4 പേർ പിടിയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി സ്ത്രീകൾക്ക് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം. നെഹ്‌റു പ്ലേസിൽ ഞായറാഴ്ച രാവിലെ ചായ കുടിക്കാനിറങ്ങിയ അസം, ബീഹാർ സ്വദേശികളായ രണ്ട് യുവതികൾക്ക് നേരെയാണ് ഒരു സംഘം പുരുഷന്മാർ അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത പ്രതികൾ, ഇവരെ വംശീയമായി അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
തുടക്കം അശ്ലീല പരാമർശങ്ങളിൽ നിന്ന്
മെയ് 10-ന് രാവിലെ ഏഴ് മണിയോടെ ഒരു ഹോട്ടലിന് പുറത്തുള്ള ചായക്കടയിലാണ് സംഭവങ്ങളുടെ തുടക്കം. ഷർട്ട് ധരിക്കാതെ എത്തിയ രണ്ട് പുരുഷന്മാർ സ്ത്രീകളെ നോക്കി അശ്ലീല പരാമർശങ്ങൾ നടത്തുകയും ബഹളം വെക്കുകയും ചെയ്തു. ഇത് സ്ത്രീകൾ ചോദ്യം ചെയ്തതോടെ സംഘം പ്രകോപിതരായി. കൂടുതൽ പേരെ വിളിച്ചുവരുത്തിയ പ്രതികൾ സ്ത്രീകളെ വളയുകയായിരുന്നു.
ക്രൂരമായ മർദ്ദനവും വംശീയ അധിക്ഷേപവും
രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീകളെ പ്രതികൾ മുളവടികൾ കൊണ്ട് ക്രൂരമായി മർദ്ദിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞതോടെ വംശീയ അധിക്ഷേപം നടത്തുകയായിരുന്നു.
"അവർ ഞങ്ങളുടെ അടുത്തേക്ക് വരികയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. വസ്ത്രങ്ങൾ വലിച്ചുകീറി. സഹായത്തിനായി ഞങ്ങൾ നിലവിളിച്ചെങ്കിലും ചുറ്റും കൂടിനിന്നവർ ചിരിക്കുകയും വീഡിയോ എടുക്കുകയുമായിരുന്നു. ആരും ഇടപെട്ടില്ല," ഇരയായ യുവതികളിൽ ഒരാൾ പറഞ്ഞു.
ദൃശ്യങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന ക്രൂരത
യുവതികൾ സ്വന്തം മൊബൈലിൽ പകർത്തിയ രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. മദ്യലഹരിയിലായിരുന്ന പ്രതികൾ യുവതികളെ അസഭ്യം പറയുന്നതും വീഡിയോ എടുക്കുന്നത് തടയാൻ ശ്രമിക്കുന്നതും ഇതിൽ വ്യക്തമാണ്. ആർത്തവ സമയമായിരുന്നതിനാൽ ശാരീരികമായി അവശത അനുഭവിച്ചിരുന്ന തങ്ങളെ പ്രതികൾ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും യുവതികൾ പറഞ്ഞു.
നാല് പേർ അറസ്റ്റിൽ
യുവതികളുടെ പരാതിയെത്തുടർന്ന് കൽക്കാജി പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും യുവതികൾ പകർത്തിയ വീഡിയോയുടെയും അടിസ്ഥാനത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു:
എംഡി ഫഹദ് (കമ്പ്യൂട്ടർ ഓപ്പറേറ്റർ),എംഡി സവേജ് (മുൻ ക്ലബ് ബൗൺസർ),എംഡി ആരിഫ് (മൊബൈൽ സ്റ്റോർ ജീവനക്കാരൻ),മുഹമ്മദ് ഫഹീം എന്നിവരാണ് പിടിയിലായിരിക്കുന്നത്.പരിക്കേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, പിന്തുടരൽ (Stalking) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
'എനിക്ക് സംരക്ഷണം വേണം'
സംഭവത്തിന്റെ ആഘാതത്തിൽ നിന്നും യുവതികൾ മോചിതരായിട്ടില്ല. പട്രോളിംഗിലെ പൊലിസിന്റെ വീഴ്ചയെയും അവർ വിമർശിച്ചു. "ഞാൻ ധൈര്യവതിയാണ്, അതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. എന്നാൽ മിണ്ടാൻ കഴിയാത്ത എത്രയോ പെൺകുട്ടികളുണ്ട്. അവർക്ക് വേണ്ടി എനിക്ക് സംരക്ഷണം വേണം," അസം സ്വദേശിനിയായ യുവതി പറഞ്ഞു. എയിംസിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ യുവതികൾ നിലവിൽ പൊലിസ് സംരക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."