സെക്രട്ടേറിയറ്റിന് മുന്നില്‍ എം.എസ്.എഫ് വിചാരണ സദസും പ്രതിഷേധ സംഗമവും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ കോളജുകളിലെ ക്രമാതീതമായ ഫീസ് വര്‍ധനവ് പിന്‍വലിക്കുക, പാഠ പുസ്തകം, യൂനിഫോം വിതരണം പൂര്‍ത്തിയാക്കുക, ഓണാഘോഷ വേളകളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കി വരുന്ന അരി മുഴുവന്‍ വിദ്യാര്‍ഥികളിലും എത്തിക്കുക, ഗ്രേസ് മാര്‍ക്ക് എടുത്ത് കളയാനുള്ള നീക്കം പിന്‍വലിക്കുക, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന വിദ്യാലയങ്ങള്‍ ഏറ്റെടുക്കാമെന്ന പ്രഖ്യാപനം നടപ്പിലാക്കുക. തുടങ്ങിയ നിരവധി വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഈ മാസം 19ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ആറ് മണി വരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിചാരണ സദസും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
ഏറെ കൊട്ടിഘോഷിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. സ്വാശ്രയ മെഡിക്കല്‍ ദന്തല്‍ കോളജുകളില്‍ മെറിറ്റ് ഫീസിലും മാനേജ്‌മെന്റ് ഫീസിലുമായി 65,000 മുതല്‍ 3,00,000 രൂപ വരെയുള്ള വര്‍ധനവ് വരുത്തിയത് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും സ്വാശ്രയ കോളജുകളില്‍ ഏകീകൃത കരാര്‍ നടപടികള്‍ അവലംബിച്ച് പ്രവേശനത്തിനുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും വിചാരണസദസില്‍ ആവശ്യപ്പെടും.
നിരവധി വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച്, പ്രതിഷേധ അരി വിതരണം തുടങ്ങിയ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. സമരം ശക്തമാക്കുന്നത്തിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ വിചാരണാ
സദസും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതീകാത്മകമായ വിചാരണയും കുറ്റ പത്രവും അവതരിപ്പിക്കും.
പരിപാടി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ യു.ഡി.എഫ് നേതാക്കന്മാര്‍, എം.എല്‍.എ മാര്‍, മറ്റു ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."