ശ്രീനാരായണഗുരു ആത്മീയത സാമൂഹ്യ നീതിക്കുപയോഗിച്ച വിപ്ലവകാരി: മന്ത്രി കെ. രാജു
കഴക്കൂട്ടം: ആത്മീയതയും ഭൗതികതയും ദ്വിമാന സ്വഭാവത്തോടെ സാമൂഹ്യ നീതിക്കുപയോഗിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ശ്രീനാരായണഗുരുവെന്ന് വനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.
ചെമ്പഴന്തി ഗുരുകുലത്തില്‍ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കുമാരനാശാന്റെ ഗുരുസ്തവം രചനാശതാബ്ദിയുടെ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സാമൂഹ്യമായ അടിമത്വം നേരിട്ട പിന്നോക്ക ജനവിഭാഗങ്ങള്‍ക്കു വേണ്ടി സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഗുരു അതു സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക ജനതയുടെ വിദ്യാഭ്യാസവും ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ അതിനെതിരായി ജനങ്ങളെ സംഘടിപ്പിച്ച വിപ്ലവകാരിയായിരുന്ന ഗുരു സാമൂഹ്യ അടിമത്തത്തിന്റെ മോചനത്തിന്റെ വീരഗാഥ പാടിയ നവോത്ഥാന നായകനായിരുന്നു.
വര്‍ഗീയതയും വിഘടനവാദവും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ലോകസാഹചര്യത്തില്‍ ലോകം ശ്രീനാരായണദര്‍ശനങ്ങളെ മാറോടു ചേര്‍ത്തുപിടിക്കുകയാണ്. പണ്ഡിതന്‍, കവി, പരിസ്ഥിതി വാദി,
സാമൂഹിക പരിഷ്‌കര്‍ത്താവ്, എന്നീ നിലകളിലെല്ലാമുള്ള ശ്രീനാരായണ ദര്‍ശനങ്ങളുടെ ആഴവും പരപ്പും ജീവിതത്തില്‍ പകര്‍ത്താനുള്ള നിരന്തര ശ്രമം അനിവാര്യമായ കാലമാണിതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കലയും സാഹിത്യവും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലകശക്തിയാക്കിയ കുമാരനാശന്റെ ഗുരുസ്തവം അടക്കമുള്ള കൃതികളുടെ സമകാലീന വ്യാഖ്യാനം പലതരത്തില്‍ മുന്നോട്ടു പോകുന്ന കാലമാണിതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു.
ഇതിന്റെ ലക്ഷ്യങ്ങളെ വക്രീകരിച്ച് അകറ്റിവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയില്‍ ഭ്രാന്താലയമെന്ന അവസ്ഥയിലേയ്ക്ക് പുതുതലമുറയെ മടങ്ങിപ്പോകാന്‍ അനുവദിക്കരുതെന്നും ശാസ്ത്രയുഗത്തിലും വര്‍ഗീയതയുടെ ഇടപെടലുകള്‍ക്കെതിരെ ജാഗരൂഗരായിക്കണമെന്നും മേയര്‍ പറഞ്ഞു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, സ്വാമി ശുഭാംഗാനന്ദ, കേരള സര്‍വകലാശാല അസോ. പ്രൊഫ. എം.എ. സിദ്ദിഖ്, ശ്രീനാരായണ അന്തര്‍ദ്ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ടി.കെ. ശ്രീനാരായണദാസ്, അമ്പലത്തറ ചന്ദ്രബാബു,
കൗണ്‍സിലര്‍മാരായ സുദര്‍ശനന്‍, കെ.എസ്. ഷീല എന്നിവര്‍ പ്രസംഗിച്ചു.
ഡോ. എം.ആര്‍. യശോധരന്‍ സ്വാഗതവും വി. മണികണ്ഠപ്രസാദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗുരുസ്തവം ഒരു പഠനം എന്ന വിഷയത്തില്‍ ബ്രഹ്മചാരിണി നിത്യചേതന പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."