കിടപ്പിലായ ഗീതക്ക് ഓട്ടോതൊഴിലാളികള്‍ കട്ടിലും കിടക്കയും നല്‍കി
പൂച്ചാക്കല്‍: കിടപ്പിലായ ഗീതക്ക് ഓട്ടോതൊഴിലാളികള്‍ കട്ടിലും കിടക്കയും നല്‍കി അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചു.ഗീതയുടെ വൃദ്ധയായ അമ്മ മാധവി അത്തത്തിന് വീട്ടിലെത്തിയ ഓട്ടോക്കാരോട് വിഷമങ്ങള്‍ പങ്കു വെച്ചപ്പോള്‍ അവര്‍ ആ അമ്മക്ക് ഒരു വാക്ക് നല്‍കി.
ആവശ്യത്തിനനുസരിച്ച് ഉയര്‍ത്താനും താഴ്ത്താനും കഴിയുന്ന തരത്തിലുള്ള കട്ടിലും, വാട്ടര്‍ ബെഡ്ഡും തങ്ങള്‍ നല്‍കാം എന്നത്. അത്തത്തിന് നല്‍കിയ ആ വാക്ക് കായംകുളത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പത്താം നാള്‍ തിരുവോണത്തിന് പാലിച്ചു.
കായംകുളത്തെ ഓട്ടോറിക്ഷത്തൊഴിലാളികളുടെ കൂട്ടായ്മയായ അധ്വാന വിഹിത ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് എന്ന പേരിലറിയപ്പെടുന്ന സംഘമാണ് കിലോമീറ്ററോളം സഞ്ചരിച്ച് പാണാവള്ളി പാണാവള്ളി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കൊട്ടാരച്ചിറവീട്ടില്‍ എത്തിയത്.
പാരാപ്ലീഡിയ എന്ന അസുഖം ബാധിച്ച് പതിനേഴ് വര്‍ഷമായി കിടന്നകിടപ്പിലാണ് ഗീത.ഈ വിവരം അറിഞ്ഞസംഘം അത്തത്തിന് എത്തി ഗീതക്കുള്ള ഓണക്കോടിയും, പലചരക്കും, പച്ചക്കറിയും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഗീതയുടെ ദുരിതാവസ്ഥ നേരിട്ട് മനസ്സിലാക്കിയ സംഘം അമ്മ മാധവിയുടെ വാക്കുകള്‍കൂടി കേട്ടതോടെയാണ് കൂടുതല്‍ സഹായവുമായെത്തിയത്.
കട്ടിലിനും, കിടക്കക്കുമായി 20,000 രൂപയോളം ഇവര്‍ക്ക് ചിലവായി. കായംകുളത്ത് നിന്നും ഓട്ടോറിക്ഷയില്‍തന്നെയാണ് ഇത് ഇവര്‍ പാണാവള്ളിയിലെ ഗീതയുടെ വീട്ടിലെത്തിച്ചത്. കട്ടിലുകിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചത് അമ്മ മാധവിയാണ്. ഇനി ചാരിയിരുത്തി ഭക്ഷണം നല്‍കാന്‍ കഴിയും എന്നതായിരുന്നു കാരണം. കിടപ്പിലായ ഗീതക്ക് കൂട്ട് റേഡിയോ ആണ്.
വൈദ്യുതി ഇല്ലാത്ത സമയങ്ങളില്‍ റേഡിയോ കേള്‍ക്കാനാകുന്നില്ല എന്ന ഗീതയുടെ സങ്കടത്തിന് പരിഹാരമേകി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയും സംഘം നല്‍കി.കൂട്ടായ്മയുടെ രക്ഷാധികാരിയും മോട്ടാര്‍ വാഹന വകുപ്പ് കുന്നത്തൂര്‍ ഓഫീസിലെ എം.വി.ഐ.യുമായ എം.ജി.മനോജ്, സംഘടന ട്രഷറര്‍ ഷിജാര്‍ മുഹമ്മദ്, എക്‌സിക്യൂട്ടിവ് മെമ്പര്‍ അബ്ദുള്‍ നസീര്‍ എന്നിവരാണ് സഹായവുമായെത്തിയത്.
2013ല്‍ രൂപവത്കരിച്ച ഈ കൂട്ടായ്മ നിത്യേന തങ്ങളുടെ അധ്വാനഫലത്തിന്റെ ഒരംശം സ്വരൂപിക്കുന്നതിനൊപ്പം സുമനസ്സുകളുടെ സഹായം കൂടി തേടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ സ്വരൂപിച്ച പണം ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ 20 ലക്ഷം രൂപയുടെ സഹായങ്ങള്‍ ഇവര്‍ വിതരണം ചെയ്ത് കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."