അബൂദബിയിലെ സ്‌കൂളുകളില്‍ 300 സ്വദേശി അധ്യാപകരെ നിയമിക്കാന്‍ അല്‍ദാര്‍ എജൂക്കേഷന്‍
അബൂദബി: യു.എ.ഇ നാഷണലൈസേഷന്‍ (സ്വദേശിവത്കരണം) ശക്തമാക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ സ്‌കൂളുകളില്‍ 300ലധികം സ്വദേശി അധ്യാപകരെ അടിയന്തിരമായി നിയമിക്കാന്‍ അല്‍ദാര്‍ എഡ്യൂക്കേഷന്‍ പദ്ധതിയിടുന്നു. അബുദബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ് മായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ നൂറിലധികം പേര്‍ അധ്യാപന രംഗത്തേക്ക് പുതുതായി കടന്നുവരുന്നവരാണ്.
വിദ്യാഭ്യാസ മേഖലയില്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പും സര്‍ക്കാര്‍ സംവിധാനവും കൈകോര്‍ക്കുന്ന ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണിത്. ഈ പദ്ധതിയിലൂടെ പ്രധാന വിദ്യാഭ്യാസ തസ്തികകളിലെ സ്വദേശി പ്രാതിനിധ്യം ഒന്‍പത് മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
സമഗ്ര പരിശീലനവും തൊഴില്‍ വളര്‍ച്ചയും
കേവലം ജോലി നല്‍കുന്നതിനപ്പുറം, സ്വദേശി ഉദ്യോഗാര്‍ത്ഥികളെ മികച്ച അധ്യാപകരാക്കി മാറ്റുന്നതിനുള്ള കൃത്യമായ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
* പ്രതിവര്‍ഷം 30 ഇന്റേണ്‍ഷിപ്പുകളും 40 ക്ലാസ്‌റൂം അസിസ്റ്റന്റ് അവസരങ്ങളും തുടക്കക്കാര്‍ക്കായി നല്‍കും.
* പുതിയ ബിരുദധാരികള്‍ക്ക് ആവശ്യമായ പെഡഗോഗിക്കല്‍ (അധ്യാപന ശാസ്ത്രം) പരിശീലനം നല്‍കും. ഇതിനായി 'അല്‍ദാര്‍ എഡ്യൂക്കേഷന്‍ ഗ്രോ ടീച്ചര്‍ പാത്ത്വേ' പോലുള്ള പദ്ധതികള്‍ വഴി പി.ജി.സി.ഇ ഉള്‍പ്പെടെയുള്ള യോഗ്യതകള്‍ നേടാന്‍ സഹായിക്കും.
* അധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഭാവിയില്‍ സ്‌കൂള്‍ ലീഡര്‍മാരായും സ്‌പെഷ്യലിസ്റ്റുകളായും മാറാനുള്ള ദീര്‍ഘകാല കരിയര്‍ പ്ലാനും ഇതിലൂടെ ഒരുക്കുന്നുണ്ട്.
* അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ സ്‌കൂളുകളിലെ സോഷ്യല്‍ സ്റ്റഡീസ് വിഷയം പഠിപ്പിക്കുന്നത് പൂര്‍ണ്ണമായും യു.എ.ഇ പൗരന്മാരായ അധ്യാപകരായിരിക്കുമെന്ന് അല്‍ദാര്‍ എഡ്യൂക്കേഷന്‍ സി.ഇ.ഓ സഹര്‍ കൂപ്പര്‍ വ്യക്തമാക്കി.
സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം
സ്വദേശി അധ്യാപകര്‍ ക്ലാസ് മുറികളിലേക്ക് വരുന്നത് കുട്ടികളില്‍ ദേശീയബോധം, പൗരത്വബോധം, സാംസ്‌കാരിക തനിമ എന്നിവ വളര്‍ത്താന്‍ സഹായിക്കുമെന്ന് സഹര്‍ കൂപ്പര്‍ അഭിപ്രായപ്പെട്ടു. കേവലം നിയമന കണക്കുകള്‍ തികയ്ക്കുക എന്നതിനപ്പുറം, യു.എ.ഇ.യുടെ ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രാപ്തിയുള്ള ഒരു മികച്ച വിദ്യാഭ്യാസ സമുച്ചയം കെട്ടിപ്പടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിയമനം, പരിശീലനം, ജീവനക്കാരുടെ തൊഴില്‍സ്ഥിരത എന്നിവ ഉറപ്പാക്കാന്‍ എ.ഡി.ഇ.കെയും അല്‍ദാര്‍ എഡ്യൂക്കേഷനും സംയുക്തമായി പദ്ധതിയുടെ പുരോഗതി വിലയിരുത്തും.
English summary:
Abu Dhabi is accelerating its Emiratisation efforts in the education sector through a landmark partnership between the Abu Dhabi Department of Education and Knowledge (ADEK) and Aldar Education. This first-of-its-kind public-private collaboration aims to drive a ninefold increase in Emirati representation across key school roles.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."