തൃശൂരില്‍ പുലിക്കളി ഇന്ന്, ആവേശമായി ചമയപ്രദര്‍ശനം ആദ്യമായി പെണ്‍പുലികളും രംഗത്ത്
തൃശൂര്‍: ചരിത്രത്തിലാദ്യമായി പൂര നഗരിയില്‍ പെണ്‍പുലികള്‍ ചുവട് വയ്ക്കും. വിയ്യൂര്‍ ദേശത്തിന് വേണ്ടി മൂന്ന് പേരാണ് രംഗത്തിറങ്ങുന്നത്.
മൂന്നുപേരും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിഗ്‌സ് (വുമണ്‍ ഇന്റഗ്രഷന്‍ എന്റഗ്രോത്ത് ത്യൂസ്‌പോര്‍ട്‌സ് ) സംഘടനയുടെ ഭാരവാഹികളാണ്.
തൃശൂര്‍ പൊലിസ് അക്കാദമിയിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വിനയ, നിലമ്പൂര്‍ പുല്ലങ്കോട് ഗവ. ഹൈസ്‌കൂളിലെ അധ്യാപിക ദിവ്യ, കോഴിക്കോട് സ്വദേശിനി സക്കീന എന്നിവരാണ് പുലിവേഷം കെട്ടുന്നത്. അയ്യന്തോള്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്‍ഡോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നീ പത്ത് ടീമുകളാണ് നഗരവീഥികളെ കീഴടക്കുക.
പൂരച്ചമയ പ്രദര്‍ശനം പോലെ പുലിമുഖങ്ങളുടെ ചമയം ഒരു കുടക്കീഴിലാക്കിയത് ആസ്വാദകരില്‍ ആവേശം പകര്‍ത്തിയിരുന്നു. ബാനര്‍ജി ഹാളിലാണ് ചമയ പ്രദര്‍ശനം നടന്നത്.
35 മുതല്‍ 51 വരെ പുലികളാകും ഓരോ സംഘത്തിലുമുണ്ടാവുക. മികച്ച പുലിക്കളിക്ക് 35,000, 30,000, 25,000 രൂപയുമാണ് യഥാക്രമം നല്‍കുക.
മികച്ച നിശ്ചല ദൃശ്യങ്ങള്‍ക്കും യഥാക്രമം 30,000, 25,000, 20,000 രൂപ വീതവും സമ്മാനിക്കും. അച്ചടക്കമുള്ള സംഘത്തിന് 10,000 രൂപയും ട്രോഫിയും നല്‍കും.
മികച്ച പുലിക്കൊട്ടിന് 5,000 രൂപയും പുലിവേഷത്തിന് 5,000 രൂപയും നല്‍കുമെന്നും മേയര്‍ പറഞ്ഞു. പുലിക്കളി സംഘങ്ങളുടെയും കാണാനെത്തുന്നവരുടെയും സുരക്ഷക്ക് പൊലിസ് സന്നാഹം ഉറപ്പ് വരുത്തിയിട്ടുണ്ട്.
ഒരു സംഘത്തിനൊപ്പം ഒരു എസ്.ഐയും പത്ത് പൊലിസും വീതം പ്രത്യേകം ഉണ്ടാകും.
സുരക്ഷാ സംവിധാനത്തിന് അഞ്ഞൂറിലേറെ പൊലിസും ഡ്യൂട്ടിയിലുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."