ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!
ന്യൂ ചണ്ഡീഗഡ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ചരിത്രത്തിലെ ഏറ്റവും അവിശ്വസനീയവും വിനാശകരവുമായ ബാറ്റിങ് പ്രകടനത്തിന് സാക്ഷ്യം വഹിച്ച് മഹാരാജ യാദവീന്ദ്ര സിങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം. 2026 ഐ.പി.എൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ കൗമാര താരം വൈഭവ് സൂര്യവംശി അടിച്ചുകൂട്ടിയത് വെറും 29 പന്തിൽ 97 റൺസാണ്!

ടോസ് നേടി ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ 12 സിക്സറുകൾ പറത്തിക്കൊണ്ട് വൈഭവ് നടത്തിയ 'ആറാട്ടിൽ' വെറും 8 ഓവറിൽ 125 റൺസാണ് രാജസ്ഥാൻ ഓപ്പണിങ് വിക്കറ്റിൽ അടിച്ചെടുത്തത്.
കഷ്ടിച്ച് മൂന്ന് റൺസ് അകലെ വെച്ച് ക്രിസ് ഗെയ്‌ലിന്റെ അതിവേഗ സെഞ്ച്വറി (30 പന്തിൽ) റെക്കോർഡ് തകർക്കാനുള്ള ശ്രമത്തിനിടെ താരം പുറത്തായെങ്കിലും, ഈ ഒരൊറ്റ ഇന്നിങ്സോടെ ക്രിക്കറ്റ് ലോകത്തെ നിരവധി സർവ്വകാല റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി എന്ന ഇടംകയ്യൻ ബാറ്റർ സ്വന്തം പേരിലാക്കിയത്.
വൈഭവ് സൂര്യവംശി തകർത്ത റെക്കോർഡുകളുടെ പൂർണ്ണ പട്ടിക:
1. ഒരു സീസണിലെ ഏറ്റവും കൂടുതൽ സിക്സറുകൾ (65)
ഈ സീസണിൽ 15-കാരനായ വൈഭവ് ഇതുവരെ പറത്തിയത് 65 സിക്സറുകളാണ്. ഇതോടെ 2012-ൽ ആർ.സി.ബിക്ക് വേണ്ടി 59 സിക്സറുകൾ അടിച്ചുകൂട്ടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർന്നു.
.jpeg)
2. പ്ലേ-ഓഫിലെ അതിവേഗ അർധസെഞ്ച്വറി (16 പന്തിൽ)
വെറും 16 പന്തിൽ ഫിഫ്റ്റി തികച്ച വൈഭവ്, ഐ.പി.എൽ പ്ലേഓഫ് ചരിത്രത്തിലെ അതിവേഗ അർധസെഞ്ച്വറിയെന്ന സുരേഷ് റെയ്നയുടെ (2014-ൽ സി.എസ്.കെയ്ക്ക് വേണ്ടി) റെക്കോർഡിനൊപ്പമെത്തി. കൂടാതെ ഐ.പി.എല്ലിൽ 16 പന്തിൽ നാല് തവണ ഫിഫ്റ്റി നേടുന്ന ആദ്യ താരം കൂടിയാണ് വൈഭവ്.
3. അൺക്യാപ്ഡ് താരത്തിന്റെ ഉയർന്ന റൺവേട്ട (680 റൺസ്)
ഈ സീസണിൽ 680 റൺസ് നേടി ഓറഞ്ച് ക്യാപ്പ് നിലനിർത്തുന്ന വൈഭവ്, അന്താരാഷ്ട്ര മത്സരം കളിക്കാത്ത (Uncapped) ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന റൺസ് എന്ന റെക്കോർഡും സ്വന്തമാക്കി. സഹതാരം യശസ്വി ജയ്‌സ്വാളിന്റെ (2023-ൽ 625 റൺസ്) റെക്കോർഡാണ് തകർത്തത്.
4. 600 റൺസ് തികയ്ക്കുന്ന ആദ്യ കൗമാരക്കാരൻ
ഒരു ഐ.പി.എൽ സീസണിൽ 600 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ കൗമാരക്കാരനായി (15 വയസ്സ്) വൈഭവ് മാറി. 2018-ൽ 20-ാം വയസ്സിൽ ഈ നേട്ടം കൈവരിച്ച ഋഷഭ് പന്തിന്റെ റെക്കോർഡാണ് താരം മറികടന്നത്. കൂടാതെ ഒരു ടി20 ടൂർണമെന്റിൽ 600-ലധികം റൺസ് നേടുന്ന ആദ്യ കൗമാരക്കാരനെന്ന ദേവദത്ത് പടിക്കലിന്റെ (SMAT-ൽ 580 റൺസ്) റെക്കോർഡും വൈഭവ് തകർത്തു.
.jpeg)
5. പ്ലേ-ഓഫിൽ ഫിഫ്റ്റി നേടുന്ന പ്രായം കുറഞ്ഞ താരം
തന്റെ 15-ാം വയസ്സിലും 61 ദിവസത്തിലും പ്ലേ-ഓഫിൽ അർധസെഞ്ച്വറി നേടിയതോടെ, പൃഥ്വി ഷായുടെ (19 വയസ്സും 180 ദിവസവും) റെക്കോർഡ് വഴിമാറി.
6. ഒരു സീസണിൽ 200+ സ്ട്രൈക്ക് റേറ്റ് (242.85 SR)
ഒരു ഐ.പി.എൽ സീസണിൽ 600-ലധികം റൺസ് നേടുകയും സ്ട്രൈക്ക് റേറ്റ് 200-ന് മുകളിൽ സൂക്ഷിക്കുകയും ചെയ്യുന്ന ആദ്യ കളിക്കാരനാണ് വൈഭവ് (242.85). 2011-ൽ 183.13 സ്ട്രൈക്ക് റേറ്റിൽ 608 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡാണ് ഇവിടെ പഴങ്കഥയായത്.
7. 90+ ഇന്നിങ്സുകളിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് (334.48 SR)
ഇന്നത്തെ മത്സരത്തിൽ 334.48 സ്ട്രൈക്ക് റേറ്റിലാണ് വൈഭവ് റൺസടിച്ചത്. ഐ.പി.എല്ലിൽ 90-ന് മുകളിൽ റൺസ് നേടുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റാണിത്. കഴിഞ്ഞ ദിവസം ധർമ്മശാലയിൽ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ 33 പന്തിൽ 93 റൺസ് (281.81 SR) നേടിയ രജത് പട്ടിദാറിന്റെ റെക്കോർഡാണ് വൈഭവ് മറികടന്നത്.

8. ഒരു സീസണിൽ 3 തവണ പത്തോ അതിലധികമോ സിക്സറുകൾ
ഐ.പി.എൽ ചരിത്രത്തിൽ 4 ഇന്നിങ്സുകളിൽ പത്തോ അതിലധികമോ സിക്സറുകൾ നേടുന്ന രണ്ടാമത്തെ ബാറ്ററാണ് വൈഭവ് (ക്രിസ് ഗെയ്‌ലിനൊപ്പം). എന്നാൽ ഒരു സിംഗിൾ സീസണിൽ തന്നെ 3 ഇന്നിങ്സുകളിൽ 10-ലധികം സിക്സറുകൾ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. 2026-ൽ കെ.കെ.ആറിനായി ഫിൽ സാൽട്ട് മാത്രമാണ് ഇതിന് മുൻപ് ഒന്നിലധികം തവണ ഈ നേട്ടം കുറിച്ചത്.
9. പ്ലേ-ഓഫിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ ഇന്ത്യൻ താരം (12 സിക്സ്)
ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സിക്സർ റെക്കോർഡായ 12 സിക്സുകൾ വൈഭവ് ഇന്നിങ്സിൽ സ്വന്തമാക്കി. കൂടാതെ ഐ.പി.എൽ പ്ലേ-ഓഫ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമെന്ന ശുഭ്മാൻ ഗില്ലിന്റെ (2023-ൽ മുംബൈക്കെതിരെ 10 സിക്സ്) റെക്കോർഡും താരം തകർത്തു.
10. പവർപ്ലേയിലെ സിക്സർ വേട്ട (8 സിക്സ്)
ഇന്നത്തെ മത്സരത്തിൽ പവർപ്ലേ ഓവറുകളിൽ (ആദ്യ 6 ഓവർ) മാത്രം വൈഭവ് 8 സിക്സറുകൾ പറത്തി. 2008-ലെ ആദ്യ ഐ.പി.എൽ സീസണിൽ ചെന്നൈക്കെതിരെ 7 സിക്സറുകൾ നേടിയ സനത് ജയസൂര്യയുടെ റെക്കോർഡാണ് 18 വർഷങ്ങൾക്ക് ശേഷം വൈഭവ് തകർത്തത്.
.jpeg)
11. ഒരു സീസണിൽ പവർപ്ലേയിൽ കൂടുതൽ റൺസ് (490 റൺസ്)
ഈ സീസണിലെ പവർപ്ലേകളിൽ നിന്ന് മാത്രം വൈഭവ് 490 റൺസ് അടിച്ചുകൂട്ടി. 2016-ൽ ഹൈദരാബാദിനായി ഡേവിഡ് വാർണർ സ്ഥാപിച്ച 467 റൺസിന്റെ റെക്കോർഡാണ് താരം മറികടന്നത്.
ഈ അവിശ്വസനീയ വെടിക്കെട്ടിന്റെ ബലത്തിൽ രാജസ്ഥാൻ റോയൽസ് മത്സരത്തിൽ വമ്പൻ സ്കോറിലേക്ക് കുതിച്ചത്. കൗമാരതാരത്തിന്റെ ഈ മാസ്മരിക ഇന്നിങ്സ് ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിങ് വിസ്മയമായി രേഖപ്പെടുത്തപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."