പ്രീമിയർ ലീഗ് കിരീടനേട്ടം; ആഴ്സണൽ എഫ്‌സിക്ക് ആദരവുമായി എമിറേറ്റ്സ്
ദുബൈ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ചൂടിയ ആഴ്സണൽ എഫ്‌സിയുടെ സീസൺ ആഘോഷമാക്കാൻ എമിറേറ്റ്സ് എയർലൈൻസ്. ക്ലബ്ബിനോടുള്ള ആദരസൂചകമായി ആഴ്സണൽ എഫ്‌സി ലിവറി മാതൃകയിലുള്ള പ്രത്യേക A380 വിമാനം പുറത്തിറക്കിയായിരുന്നു എമിറേറ്റ്സിന്റെ ആദരം.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളുമായി ആരാധകരെ ബന്ധിപ്പിക്കുന്നതിനുള്ള എമിറേറ്റ്‌സിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. കഴിഞ്ഞ ആഴ്ചയാണ് ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത്.
സ്വർണ്ണ ലിപികളിൽ 'ചാമ്പ്യൻസ്'; വിമാനത്തിൽ തിളങ്ങി താരങ്ങൾ
എമിറേറ്റ്‌സ് എഞ്ചിനീയറിംഗ് വിഭാഗം സ്വന്തമായി രൂപകൽപ്പന ചെയ്ത ഈ പ്രത്യേക ഡെക്കൽ വിമാനത്തിന്റെ വാലറ്റം മുതൽ മധ്യഭാഗം വരെ നീണ്ടുനിൽക്കുന്നു. ആഴ്സണലിന്റെ മുൻനിര താരങ്ങളായ ബുക്കായോ സാക്ക, ഡെക്ലാൻ റൈസ്, മാർട്ടിൻ ഒഡെഗാർഡ്, വിക്ടർ ഗൈക്കെറസ് എന്നിവരുടെ ചിത്രങ്ങളാണ് വിമാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മുഴുവൻ ടീമിന്റെയും കഠിനാധ്വാനത്തെ പ്രകീർത്തിച്ചുകൊണ്ട്, തിളങ്ങുന്ന സ്വർണ്ണ അക്ഷരങ്ങളിൽ 'ചാമ്പ്യൻസ്' എന്ന് ആഴ്സണൽ ക്രെസ്റ്റിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്.
വിജയയാത്ര ലണ്ടനിലേക്ക്
പുത്തൻ ലിവറിയുമായി എമിറേറ്റ്സിന്റെ A380 വിമാനം ഇന്ന് ദുബൈയിൽ നിന്നും ലണ്ടനിലെ ഹീത്രൂവിലേക്ക് സർവീസ് നടത്തും. ഫുട്ബോൾ ആരാധകർക്കും പ്ലെയിൻസ്‌പോട്ടർമാർക്കും ഈ അപൂർവ്വ നിമിഷം ആകാശത്ത് ദർശിക്കാൻ സാധിക്കും.
എമിറേറ്റ്‌സും ആഴ്‌സണലും തമ്മിലുള്ള പങ്കാളിത്തം 20 വർഷം തികയുന്ന വേളയിലാണ് 2026-ലെ ഈ കിരീടനേട്ടം എന്നത് ശ്രദ്ധേയമാണ്. പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്പോൺസർഷിപ്പ് കരാറുകളിലൊന്നാണിത്. നോർത്ത് ലണ്ടനിലെ ആഴ്സണലിന്റെ ഹോം ഗ്രൗണ്ട് 'എമിറേറ്റ്സ് സ്റ്റേഡിയം' എന്നാണ് അറിയപ്പെടുന്നത്. പുരുഷ, വനിതാ, അക്കാദമി ടീമുകളുടെ ഷർട്ടുകളുടെ മുൻവശത്ത് എമിറേറ്റ്സിന്റെ 'ഫ്ലൈ ബെറ്റർ' ലോഗോയാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞയാഴ്ച പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്‌സണലിന്റെ ട്രോഫി കാബിനറ്റിലേക്ക് ചേർത്തുവെക്കാവുന്ന മറ്റൊരു വലിയ അംഗീകാരമായാണ് ഈ വിമാനത്തിന്റെ പുതിയ രൂപകൽപ്പന വിലയിരുത്തപ്പെടുന്നത്.
Emirates has congratulated Arsenal FC following their Premier League title success, celebrating the club’s achievement and longstanding partnership with the football giant admired by fans worldwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."