ഗോവിന്ദച്ചാമിക്കു പിന്നില്‍ സുവിശേഷസംഘം
തൃശൂര്‍: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി എന്ന ചാര്‍ലി തോമസിനെ രക്ഷിക്കാന്‍ ശ്രമിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന 'ആകാശപ്പറവകള്‍' ഒരേസമയം അക്രമികള്‍ക്കും ഇരകള്‍ക്കും വേണ്ടി രംഗത്തുവന്ന ക്രിസ്ത്യന്‍ മിഷനറി സംഘമാണെന്നു സൂചന.
കുറ്റവാളിയെയല്ല കുറ്റകൃത്യത്തെയാണ് ഒറ്റപ്പെടുത്തേണ്ടതെന്നും ഒരോ മനുഷ്യരിലും ഓരോ ഗോവിന്ദച്ചാമിമാര്‍ ഉണ്ടാകുമെന്നുമുള്ള വിചിത്രവാദവും കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കാനെന്ന പേരില്‍ സംഘാംഗങ്ങള്‍ കൂട്ടുപ്രാര്‍ഥന സംഘടിപ്പിക്കുകയും ചെയ്തിരുന്നതാണ് ആകാശപ്പറവകള്‍ എന്ന പേരിലറിയപ്പെടുന്ന സംഘത്തെക്കുറിച്ച് ദൂരൂഹത വര്‍ധിക്കാനിടയാക്കിയിരുന്നത്. ഗോവിന്ദച്ചാമിക്ക് ആകാശപ്പറവകളുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് പ്രാര്‍ഥനാസംഘം അപ്രത്യക്ഷരായത്.
1983 ല്‍ ആഗോളതലത്തില്‍ മാര്‍പ്പാപ്പയുടെ ആശീര്‍വാദത്തോടെ സ്ഥാപിച്ച കത്തോലിക്കാ മിഷനറി പ്രസ്ഥാനമാണ് എഫ്.ബി.എ (ഫ്രണ്ട്‌സ് ഓഫ് ബേഡ്‌സ് ഓഫ് എയര്‍-ആകാശപ്പറവകളുടെ കൂട്ടുകാര്‍) എന്ന സംഘം. ഇവരുടെ ഇന്ത്യയിലെ ആദ്യമാതൃഭവനം തൃശൂര്‍ ജില്ലയിലെ ചെന്നിയപ്പാറയില്‍ 1994 ജൂലായ് 19ന് മദര്‍തരേസയാണ് ഉദ്ഘാടനം ചെയ്തത്.
സംഘത്തിന്റെ പ്രധാന ചുമതലക്കാരന്‍ റവ.ഫാദര്‍ ജോര്‍ജ് കുറ്റിക്കലായിരുന്നു. ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലായിരുന്നു തൃശൂര്‍ കേന്ദ്രമായ ഈ ആകാശപ്പറവകള്‍ സംഘത്തിന്റെ പ്രവര്‍ത്തനം നടന്നിരുന്നത്. 'ദൈവസഹായം ചാരിറ്റബിള്‍ ട്രസ്റ്റി'ന്റെ കീഴിലുള്ള മറ്റൊരു ആകാശപ്പറവകള്‍ സംഘം കോഴിക്കോട് പുല്ലൂരാംപാറ ആനക്കാംപൊയില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനേകം സ്വതന്ത്രസംഘങ്ങള്‍ ആകാശപ്പറവകള്‍ എന്ന പേരില്‍ തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗോവിന്ദച്ചാമിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും 'കോഴിക്കോട് ദൈവസഹായം ചാരിറ്റബിള്‍ ട്രസ്റ്റി'ന്റെ ചുമതലയുള്ള ബ്രദര്‍ തങ്കച്ചന്‍ മുണ്ടണശ്ശേരി സുപ്രഭാതത്തോട് പറഞ്ഞു. എന്നാല്‍ തൃശൂരിലുള്ള ദിവ്യകാരുണ്യ ട്രസ്റ്റിന്റെ പ്രവര്‍ത്തകരായ ആകാശപ്പറവകള്‍ സൗമ്യയുടെ വീട് സന്ദര്‍ശിക്കുകയും അവിടെ പ്രാര്‍ഥന നടത്തിയതായി അറിഞ്ഞുവെന്നും ബ്രദര്‍ തങ്കച്ചന്‍ പറഞ്ഞു.
അതേസമയം ആകാശപ്പറവകള്‍ എന്ന പേരില്‍ തന്നെ നൂറോളം സംഘടനകളും 170 ഭവനങ്ങളും ഇന്ത്യയിലൊട്ടാകെ പ്രവര്‍ത്തിക്കുന്നതായിട്ടാണ് കരുതുന്നത്. ഇതില്‍തന്നെ വന്‍ വിദേശഫണ്ടുകള്‍ കൈപ്പറ്റുന്ന മിഷനറി സംഘങ്ങളുമുണ്ട്. 2007ലാണ് യാചകനും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസ് എന്ന പേര് സ്വീകരിച്ചത്.
2011 ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി ചേലക്കര പൊലിസ് സ്റ്റേഷനില്‍ അറസ്റ്റിലായപ്പോള്‍ കുറ്റവാളിയുടെ പേരായി ആദ്യമേ പറഞ്ഞിരുന്നത് ചാര്‍ലി തോമസ് എന്നായിരുന്നു. പിറ്റേദിവസം പത്രങ്ങളില്‍ ചാര്‍ലി തോമസ് എന്ന പേരുതന്നെ വന്നിരുന്നെങ്കിലും ചില ഇടപെടല്‍ മൂലം പിന്നീടങ്ങോട്ട് വാര്‍ത്താമാധ്യമങ്ങളില്‍ സൗമ്യയുടെ ഘാതകനായി ഗോവിന്ദച്ചാമി എന്ന പേരു മാത്രമാണ് അച്ചടിച്ചുവന്നത്. 'പിച്ചക്കാരന്‍' എന്ന് എഴുതിത്തള്ളിയ ഗോവിന്ദച്ചാമിക്ക് വേണ്ടി എ ക്ലാസ് ക്രിമിനല്‍ അഡ്വക്കേറ്റും സംഘവും ഇടതു പ്രാദേശിക നേതാവുമാണ് രംഗത്തുവന്നിരുന്നത്.
മുംബൈ ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും വടക്കാഞ്ചേരിക്കടുത്ത ആളൂര്‍ സ്വദേശിയുമായ അഡ്വക്കേറ്റ് ബി.എ ആളൂര്‍, മറ്റു നാല് അഭിഭാഷകരുമാണ് പ്രതിക്കുവേണ്ടി ഹാജരായത്. ഇവരെ കൊണ്ടുവന്നതിന് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് മുംബൈയിലെ അധോലോക സംഘവും ആകാശപ്പറവകള്‍ എന്ന മിഷനറി സംഘവുമാണെന്നാണിപ്പോള്‍ പ്രചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."