54 കാരന്റെ കുറ്റസമ്മതത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം
കോഴിക്കോട്: ഉപദ്രവിക്കാനെത്തിയയാളെ പതിനാലാം വയസില്‍ കൊലപ്പെടുത്തിയെന്ന മധ്യവയസ്‌കന്റെ വെളിപ്പെടുത്തലില്‍ നിര്‍ണായക വഴിത്തിരിവ്. 1986ല്‍ കോഴിക്കോട് കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് പൊലിസ് കൊലപാതകം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ഇരിട്ടി സ്വദേശി മോഹനന്‍ ആണ് കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തല്‍.
2025 ജൂലൈ അഞ്ചിനാണ് പൊലിസിനെ നടുക്കിയ നാടകീയമായ കുറ്റസമ്മതവുമായി 54 കാരന്‍ മലപ്പുറം വേങ്ങര പൊലിസില്‍ കീഴടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് താമസിക്കുകയും പിന്നീട് മലപ്പുറത്തേക്ക് താമസം മാറുകയും ചെയ്ത മുഹമ്മദലിയാണ് ചെറുപ്രായത്തില്‍ കൊലപാതകം നടത്തിയ വിവരം പൊലിസിനോട് വെളിപ്പെടുത്തിയത്. മൂത്ത മകന്‍ മരിച്ചതും രണ്ടാമത്തെ മകന്റെ അപകടവുമെല്ലാം മാനസികമായി തളര്‍ത്തുകയും മുമ്പ് ചെയ്ത തെറ്റിനെ തുടര്‍ന്നാണ് ഇതെല്ലാം സംഭവിച്ചതെന്ന കുറ്റബോധവുമായിരുന്നു മുഹമ്മദലിയെ കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്. തുടര്‍ന്ന് വേങ്ങര പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുറ്റകൃത്യം നടന്നത് തിരുവമ്പാടി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നു.
മുഹമ്മദലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തിരുവമ്പാടി സ്റ്റേഷനില്‍, കൂടരഞ്ഞിയിലെ തോട്ടില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ 1986 ല്‍ 116/86 ആയി രജിസ്റ്റര്‍ ചെയ്ത കേസ് ഫയല്‍ പൊലിസ് കണ്ടെടുത്തു. എന്നാല്‍ ഈ കേസ് ഫയലില്‍ മരിച്ചയാളുടെ വിവരങ്ങളുണ്ടായിരുന്നില്ല. അജ്ഞാത മൃതദേഹം എന്ന രീതിയിലായിരുന്നു അക്കാലത്ത് നടപടികള്‍ പൂര്‍ത്തീകരിച്ച് കേസ് അവസാനിപ്പിച്ചത്. 1986 നവംബര്‍ അവസാനമായിരുന്നു സംഭവം നടന്നതെന്നാണ് മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍.
കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, 14 വയസു മാത്രമുള്ള തന്നെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തിയെന്നാണ് മൊഴി. സ്ഥലത്തു നിന്ന് ഓടിപ്പോയ ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിലേക്ക് ചവിട്ടിയിട്ട ആള്‍ മരിച്ചെന്ന വിവരം അറിയുന്നത്. അപ്പോഴേക്കും മൃതദേഹം കണ്ടെടുക്കുകയും മറ്റു നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.
അപസ്മാരം ഉണ്ടായിരുന്ന ആളായിരുന്നു മരിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ മറ്റു ദുരൂഹതകളില്ലെന്ന് അന്നത്തെ പൊലിസുകാരും കരുതി. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും അന്ന് എത്തിയിരുന്നില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു.
1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിലും ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
A major breakthrough has emerged in a decades-old criminal investigation after a confession by a man identified as Mohammed reportedly helped investigators solve a long-standing mystery. Authorities were able to identify the victim in the case nearly 40 years after the killing, marking a significant development in the probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."