ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് മിഠായി കൈയ്യില്‍ നല്‍കിയില്ല, മേശപ്പുറത്ത് തട്ടിയിട്ട് വി മുരളീധരന്‍; സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം
തിരുവനന്തപുരം: തിരുവനന്തപുരത്തെ അംബേദ്കര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ കുരുന്നുകള്‍ക്ക് മിഠായി കയ്യില്‍ കൊടുക്കാതെ മേശപ്പുറത്ത് വിതറിയിട്ട ബി.ജെ.പി എം.എല്‍.എ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. കട്ടേല ഗവ. ട്രൈബല്‍ എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവത്തിനിടയിലാണ് സംഭവം.
മിഠായി കുട്ടികളുടെ കൈയിലേക്ക് നല്‍കാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാന്‍ മുരളീധരന്‍ ആവശ്യപ്പെടുകയായിരുന്നു. ഉദ്ഘാടകയായ മന്ത്രി എ തുളസി നോക്കി നില്‍ക്കുമ്പോഴായിരുന്നു എം.എല്‍.എയുടെ നടപടി. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പട്ടികജാതി-പട്ടികവര്‍ഗ, പിന്നോക്ക വിഭാഗത്തില്‍പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു സ്ഥലം എം.എല്‍.എ കൂടിയായ മുരളീധരന്‍. കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തത് എം.എല്‍.എയായിരുന്നു.
അതേസമയം, സംഭവത്തില്‍ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. ഹീനമായ പ്രവൃത്തിയാണ്, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാന്‍ ബി.ജെ.പിക്കേ കഴിയൂവെന്ന് ശിവന്‍കുട്ടി ആരോപിച്ചു. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വി ശിവന്‍കുട്ടിയുടെ പ്രസ്താവന
കട്ടേല സ്‌കൂളിലെ കുട്ടികളോടുള്ള വി. മുരളീധരന്‍ എം.എല്‍.എയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയം
കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകളോട് വി. മുരളീധരന്‍ എം.എല്‍.എ കാണിച്ച അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണ്.
പട്ടികജാതിപട്ടികവര്‍ഗ, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച്, അവിടുത്തെ വിദ്യാര്‍ത്ഥികളെ ഇത്രത്തോളം അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സില്‍ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
ഏറ്റവും ഗൗരവകരമായ കാര്യം, ഈ സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവര്‍ തയ്യാറായില്ല എന്നതാണ്. കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികള്‍ക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോള്‍ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്.
സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തില്‍ എം.എല്‍.എ മാപ്പു പറയണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
എന്നാല്‍ എം.എല്‍.എ ഒരു മിഠായി അല്ല കൊടുത്തത്, ഒരു കവര്‍ മിഠായി ഇഷ്ടം പോലെ എടുക്കാന്‍ കൊടുത്തതാണെന്നാണ് ബി.ജെ.പി അനുകൂലികളുടെ വാദം.
A controversy has erupted after a video allegedly showed V. Muraleedharan distributing sweets to students at a tribal school by placing them on a table instead of handing them directly to the children. The incident sparked criticism on social media, with several users questioning the gesture and accusing the politician of treating tribal students differently.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."