ജിഷ വധക്കേസിന്റെ ആദ്യഘട്ടം വിജയകരം: എസ്.പി പി.എന്‍ ഉണ്ണികൃഷ്ണന്‍
കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ ആദ്യഘട്ടം വിജയഘരമായി പൂര്‍ത്തിയാക്കിയതായി എസ്.പി പി.എന്‍ ഉണ്ണികൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കുറ്റകൃത്യം ചെയ്തത് അമീര്‍ ഒറ്റയ്ക്കാണ്. എന്നാല്‍, ജിഷയുമായി മുന്‍പരിചയമൊന്നും അമീറിനില്ല. ഇവര്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തിയതായി തെളിവില്ല. കേസില്‍ സാക്ഷികളുണ്ട്. എല്ലാ പഴുതുകളും അടച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ പലതും ഊഹാപോഹങ്ങള്‍ മാത്രമാണ്. അമീറിന്റെ പ്രധാന സുഹൃത്തെന്ന് മാധ്യമങ്ങളില്‍ വന്ന പേരാണ് അനാര്‍. എന്നാല്‍, അനാര്‍ എന്ന ഒരു സുഹൃത്ത് അമീറിനില്ലെന്നും എസ്.പി പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ലൈംഗികതാല്‍പ്പര്യം മാത്രമാണ് ഉള്ളതെന്നും ഇയാള്‍ അസാധാരണ ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്നും എസ്.പി പറഞ്ഞു.
1500 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം സമര്‍പ്പിച്ചത്. അമീര്‍ മാത്രമാണ് കുറ്റപത്രത്തിലെ പ്രതി.
ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായ പ്രതി ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധന നിയമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."