ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കയറി രോഗിയെ മര്‍ദിച്ച സംഭവം: പ്രധാന പ്രതി പിടിയില്‍
മഞ്ചേരി: മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കയറി രോഗിയെ മര്‍ദിച്ച സംഭവത്തിലെ പ്രധാന പ്രതി ഇന്നലെ മഞ്ചേരി പൊലിസ് പിടിയിലായി. പുല്‍പ്പറ്റ കാരാപറമ്പ് സ്വദേശി പൂളകുളങ്ങര മുനീബ് റഹ്മാനാ(23)ണ് പിടിയിലായത്. മഞ്ചേരി വായ്പ്പാറപ്പടി സ്വദേശിയും മലബാര്‍ ബാറിലെ ജീവനക്കാരനുമായ സുദര്‍ശന വീട്ടില്‍ ഗൗരിശങ്കര്‍ (20)എന്നയാളെയാണ് ചികിത്സക്കെത്തിയ സമയത്ത് അത്യാഹിത വിഭാഗത്തില്‍ കയറി പ്രതി ഉള്‍പ്പെടെയുള്ള സംഘം മര്‍ദിച്ചത്. ജൂലായ് അഞ്ചിനായിരുന്നു സംഭവം. അക്രമത്തില്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കു പരുക്കേല്‍ക്കുകയും ഉപകരണങ്ങള്‍ക്കു കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു.
തിരിച്ചറിയാതിരിക്കാന്‍ തുണികൊണ്ട് മുഖം മറച്ചായിരുന്നു അക്രമം. രോഗിയായ ഗൗരിശങ്കറിനെ ആക്രമിക്കുന്നതു തടയാന്‍ ചെന്ന ജീവനക്കാര്‍ക്കാണു പരുക്കേറ്റിരുന്നത്. രണ്ടു മാസം മുന്‍പ് ബാറില്‍വച്ചു നടന്ന അടിപിടിയുടെ തുടര്‍ച്ചയായിരുന്നു അക്രമമെന്ന് പൊലിസ് പറഞ്ഞു. കൂട്ടുപ്രതികളെക്കുറിച്ച് പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ വിദേശത്തേക്കു കടക്കാന്‍ സാധ്യതയുള്ളതായി വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ എല്ലാ എയര്‍പോര്‍ട്ടുകളിലേക്കു വിവരം കൈമാറിയതായി എസ്.ഐ കൈലാസ്‌നാഥ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതിക്കെതിരേ തിരൂര്‍ പൊലിസ് സ്റ്റേഷനില്‍ കേസുണ്ട്. ഇയാളെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു.
മഞ്ചേരി സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ കൈലാസ് നാഥും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഉണ്ണികൃഷ്ണന്‍മാരാത്ത്, പി. സഞ്ജീവ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."