ഫുട്‌ബോൾ ലോകകപ്പിന് ഇന്ന് തുടക്കം; എൽ സോക്കർ സെലിബ്രേഷൻ
ന്യൂയോർക്കിൽനിന്ന് ഹാറൂൻ റഷീദ്
സ്വപ്നങ്ങൾകൊണ്ട് മുറുക്കിത്തുന്നിയ തുകൽപന്തിനു പിറകെ 48 രാജ്യങ്ങൾ അമേരിക്കൻ മണ്ണിൽ ഇന്നുമുതൽ ഓടിത്തുടങ്ങും. നാലു വർഷത്തെ കാത്തിരിപ്പിനുശേഷം ഫുട്ബോൾ ലോകത്തിന്റെ രാജാവിനെ കണ്ടെത്താനുള്ള പോരാട്ടത്തിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ വേദിയാകുമ്പോൾ, ഭൂഖണ്ഡങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം ഈ രാജ്യങ്ങളിലേക്കു ചുരുങ്ങും. ചരിത്രത്തിൽ ആദ്യമായാണ് 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്.
അഞ്ച് തവണ ചാംപ്യന്മാരായ ബ്രസീൽ, നിലവിലെ ചാംപ്യന്മാരായ അർജന്റീന, റണ്ണറപ്പായ ഫ്രാൻസ്, യുവത്വം തുളുമ്പുന്ന നിലവിലെ യൂറോ ചാംപ്യന്മാരായ സ്പെയിൻ, ഇംഗ്ലണ്ട്, പോർച്ചുഗൽ എന്നിവർ ഇത്തവണ ഫേവറിറ്റുകളാണ്. ആദ്യ മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയാണ് നേരിടുക. ജൂലൈ 20നാണ് ഫൈനൽ.
താരസമ്പന്നമായ ആഘോഷപരിപാടികളും ഫിഫ പതിവുപോലെ ആദ്യ ദിനത്തിൽ ഒരുക്കിയിട്ടുണ്ട്. മൂന്ന് ആതിഥേയരുള്ളതു കാരണം മൂന്ന് ഉദ്ഘാടന പരിപാടികൾ ഉണ്ടാകുമെന്നും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഫിഫയുടെ ചരിത്രത്തിൽ ഇതു രണ്ടാമത്തെ തവണയാണ് ഒന്നിലധികം ആതിഥേയരാജ്യങ്ങൾ ഉണ്ടാവുന്നത്. 2002ലെ ലോകകപ്പിൽ ദക്ഷിണ കൊറിയയും ജപ്പാനും സംയുക്തമായി ആതിഥേയരായതാണ് ഇതിനുമുമ്പുള്ള സന്ദർഭം.
യു.എസും മെക്സിക്കോയും മുമ്പ് ലോകകപ്പിന് ആതിഥേയരായിട്ടുണ്ട്. എന്നാൽ കാനഡയ്ക്ക് ഈ അവസരം ആദ്യമായാണ് ലഭിക്കുന്നത്. മെക്സിക്കോ സിറ്റിയിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. ആദ്യത്തെ ഉദ്ഘാടന പരിപാടികളും അതുകൊണ്ട് മെക്സിക്കോയിലാണ്. ഓരോ ആഘോഷപരിപാടിയും മത്സരം തുടങ്ങുന്നതിന് 90 മിനുട്ടുകൾ മുമ്പാണ് ആരംഭിക്കുക. 16 മിനുട്ട് നീണ്ടുനിൽക്കുന്ന സംഗീത നിശയ്ക്കു ശേഷം സ്റ്റേഡിയം ടീമുകൾക്ക് കൈമാറും.
ഗ്രാമി അവാർഡ് ജേതാവായ പോപ് ബാൻഡ് മാന, അലജാൻഡ്രോ ഫെർണാണ്ടസ്, ബെലിന്ദ, ഡാനി ഓഷ്യൻ, ജെ. ബാൽവിൻ, ലൈല ഡൗൺസ്, ലോസ് ആഞ്ചൽസ് അസൂലസ്, ടൈല എന്നീ ഗായകരും സംഗീത നിശയുടെ ഭാഗമാകും. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ്... പോപ് ഗായിക ഷാക്കിറയും ബർണ ബോയിയും ചേർന്ന് ഉദ്ഘാടന ചടങ്ങിൽ ആലപിക്കും. മെക്സിക്കോ സിറ്റിയിൽ ഇതേ ദിവസം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."