'ഖനിയില്‍ നിന്ന് സ്വര്‍ണം നേരിട്ടെത്തിക്കും'; ലക്ഷങ്ങള്‍ തട്ടിയ കേസില്‍ 'കെ.ജി.എഫ് സ്വാമി' അറസ്റ്റില്‍
തൃശൂര്‍: സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണക്കട്ടികള്‍ എത്തിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കെ.ജി.എഫ് സ്വാമി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പത്തനംതിട്ട മാധവമംഗലം മനഴി ഷാജി(61)യെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇടനിലക്കാരില്ലാതെ ഖനിയില്‍ നിന്ന് നേരിട്ട് സ്വര്‍ണം എത്തിച്ചുതരുമെന്നും വിപണിവിലയേക്കാള്‍ കുറച്ചു തന്നാല്‍ മതിയെന്നും കാണിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സാംപിളായി സ്വര്‍ണക്കട്ടിയും കാണിക്കും. അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങുകയും ചെയ്യും. ഏറെ നാളായി കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഷാജി.
പണം പോയതു തിരിച്ചറിഞ്ഞ പ്രവാസിയാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇയാളില്‍ നിന്ന് അക്കൗണ്ട് വഴിയും അല്ലാതെയുമായി അഞ്ച് ലക്ഷത്തോളം രൂപയാണ് ഷാജി വാങ്ങിയത്.
ഇയാളില്‍ നിന്ന് ഒരു കിലോയോളം വരുന്ന വ്യാദ സ്വര്‍ണക്കട്ടിയും ഒന്‍പത് മാലകളും അഞ്ച് വളകളും മറ്റ് ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. സമാന രീതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിപേരെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."