വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ സുഗതനെതിരേ വട്ടിയൂര്‍ക്കാവ് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. വധശ്രമം, കൊലപാതകശ്രമം, കലാപം സൃഷ്ടിക്കല്‍, പൊലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി 19ഓളം കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്.
പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം സുഗതനെതിരെ മൂന്ന് വധശ്രമക്കേസുകളും ഒരു കൊലപാതകശ്രമക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമവും (ഐപിസി), ഭാരതീയ ന്യായ സംഹിതയും പ്രകാരമാണ് കേസുകള്‍ എടുത്തിട്ടുള്ളത്.
പൊതുസ്ഥലങ്ങളില്‍ ലഹളയുണ്ടാക്കല്‍, ആക്രമണം നടത്തല്‍, ഭീഷണിപ്പെടുത്തല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ തുടങ്ങിയ കേസുകളും കൗണ്‍സിലര്‍ക്കെതിരെ നിലവിലുണ്ട്. 2014ല്‍ പൊതുസ്ഥലത്ത് ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിന് കോടതി 4,000 രൂപ പിഴ ചുമത്തിയിരുന്നു. ഭീഷണിപ്പെടുത്തി കലാപം സൃഷ്ടിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അക്രമലക്ഷ്യത്തോടെ സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും വിവിധ കേസുകളിലുണ്ട്.
പൊലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസും നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. കൂടാതെ വഴിതടയല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, പൊതുസ്ഥലങ്ങളില്‍ തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ പരാതികളില്‍ 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്തല്‍, അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കല്‍, നിയമവിരുദ്ധമായി കൂട്ടംകൂടല്‍ തുടങ്ങിയ കുറ്റങ്ങളിലും പുതിയ നിയമപ്രകാരം കേസുകള്‍ എടുത്തിട്ടുണ്ട്.
പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി പൊലിസിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന് 2014, 2016, 2019, 2020 വര്‍ഷങ്ങളില്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ വകുപ്പ് 107 പ്രകാരം സമാധാനം പാലിക്കുമെന്ന ബോണ്ട് നല്‍കാന്‍ മജിസ്‌ട്രേറ്റ് സുഗതനോട് നിര്‍ദേശിച്ചിരുന്നതായും രേഖകളില്‍ പറയുന്നു.
നിരന്തരമായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടുവെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സുഗതനെതിരെ ഗുണ്ടാനിയമമായ കാപ്പ പ്രകാരവും തിരുവനന്തപുരം ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ മാസം വട്ടിയൂര്‍ക്കാവിന് സമീപമുള്ള ഒരു ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിലാണ് സുഗതനെ കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും സുഗതന്‍ കീഴടങ്ങിയില്ല. ഇതോടെയാണ് വട്ടിയൂര്‍ക്കാവ് പൊലിസ് അദ്ദേഹത്തിന്റെ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Details of criminal cases registered against Vattiyoorkavu Vazhottukonam ward councillor Sugathan at Vattiyoorkavu Police Station have emerged. Around 19 cases are pending against him, including charges of attempted murder, rioting, obstructing police from performing official duties, and criminal intimidation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."