കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ നിന്ന് ഉത്തരക്കടലാസ് മോഷണം പോയി; അധ്യാപികയുടെ പരാതിയിൽ തലശ്ശേരി പൊലിസ് അന്വേഷണം ആരംഭിച്ചു
തലശ്ശേരി: കേരള സാങ്കേതിക സർവകലാശാലയുടെ (കെ.ടി.യു.) മൂല്യനിർണയ ക്യാമ്പിൽ നിന്ന് വിദ്യാർഥിയുടെ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി. തലശ്ശേരി കോളേജ് ഓഫ് എൻജിനിയറിങ്ങിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ നിന്നാണ് ഉത്തരക്കടലാസ് കാണാതായത്. സംഭവത്തിൽ മൂല്യനിർണയം നടത്തിയിരുന്ന അധ്യാപിക പി. നിഷ തലശ്ശേരി പൊലിസിൽ പരാതി നൽകി.
രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിങ് വിദ്യാർഥിയുടെ പ്രധാന പേപ്പറുകളിലൊന്നായ 'പവർ ഇലക്ട്രോണിക്സ് ഡ്രൈവ്' എന്ന വിഷയത്തിന്റെ ഉത്തരക്കടലാസാണ് നഷ്ടപ്പെട്ടത്.
ജൂൺ 11-ന് ഉച്ചയ്ക്ക് 1.30-നും 2.15-നും ഇടയിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. അധ്യാപകർ ഉത്തരക്കടലാസ് പരിശോധിക്കുന്നതിനിടയിൽ ഉച്ചഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. തിരികെയെത്തി പരിശോധിച്ചപ്പോഴാണ് ഒരു വിദ്യാർഥിയുടെ ഉത്തരക്കടലാസ് കുറവുള്ളതായി കണ്ടെത്തിയത്. തുടർന്ന് അധ്യാപിക പൊലിസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തലശ്ശേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സൂചന നൽകി കോളേജ് അധികൃതർ രംഗത്തെത്തി. സർവകലാശാലാ ചട്ടപ്രകാരം മൂല്യനിർണയ ക്യാമ്പിനായി അനുവദിച്ച പ്രത്യേക മുറിയിലിരുന്ന് വേണം ഉത്തരക്കടലാസുകൾ പരിശോധിക്കാൻ. എന്നാൽ, കാണാതായ ഉത്തരക്കടലാസ് തൊട്ടടുത്തുള്ള മറ്റൊരു മുറിയിലിരുന്നാണ് അധ്യാപിക പരിശോധിച്ചതെന്നാണ് കോളേജ് അധികൃതർ വ്യക്തമാക്കുന്നത്.
വിഷയത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പരാതി നൽകിയ അധ്യാപിക പി. നിഷയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല. ക്യാമ്പിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്.
A police investigation has been launched following a complaint that a second-year B.Tech student's 'Power Electronics Drive' answer sheet went missing from the KTU valuation camp at the Thalassery College of Engineering. answer sheet missing case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."