കണ്ണുകളിൽ സൂചികയറ്റിയും ആസിഡ് ഒഴിച്ചും പൊലിസ് ക്രൂരത: ഭഗൽപൂരിലെ ഇരുളടഞ്ഞ ഓർമകൾക്ക് നാലര പതിറ്റാണ്ട്
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ എക്കാലത്തെയും ഇരുളടഞ്ഞ ഓർമകളാണ് 'ഭഗൽപൂർ അന്ധകാര സംഭവം' അഥവാ, കസ്റ്റഡിയിലെടുത്ത പ്രതികളുടെ കണ്ണിലേക്ക് ആസിഡും മറ്റ് രാസവസ്തുക്കളും ഒഴിച്ച് അന്ധരാക്കിയ ക്രൂരത. സംഭവം നടന്നിട്ട് നാലരപതിറ്റാണ്ട് കഴിഞ്ഞിട്ടും അന്നത്തെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.
1979-−80 കാലഘട്ടത്തിൽ ബിഹാറിലെ ഭഗൽപൂർ സെൻട്രൽ ജയിലിൽ പൊലിസ് തടവുകാരുടെ കണ്ണുകളിൽ ആസിഡ് ഒഴിച്ച് കാഴ്ച കളഞ്ഞ സംഭവം, മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഏടാണ്. വിചാരണത്തടവുകാരായിരുന്ന 31 പേരുടെ കണ്ണുകളിലേക്ക് പൊലിസ് ആസിഡ് ഒഴിച്ചതോടെ, അവരുടെയെല്ലാം കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. കാഴ്ച പോയെന്ന് മാത്രമല്ല കണ്ണ് തന്നെ വികൃതരൂപമായി മാറി.
ആദ്യഘട്ട റിപ്പോർട്ടുകൾ പ്രകാരം 31തടവുകാരെയാണ് പൊലിസ് അന്ധരാക്കിയത്. ഈ സംഖ്യ കൂടുതൽ ആയിരിക്കാമെന്ന് പിന്നീട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരകളുടെ കണ്ണുകളിൽ സൂചികളും നേർത്ത കമ്പികളും കുത്തിയിറക്കിയ ശേഷം ആസിഡ് ഒഴിച്ചുവെന്നാണ് പുറത്തുവന്ന വാർത്തകൾ. ഏറെ കഴിഞ്ഞാണ് പൊലിസിന്റെ ഈ ക്രൂരത പുറംലോകമറിഞ്ഞത്.
സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മനസ് അസ്വസ്ഥയായി എന്നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രതികരിച്ചത്. കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും നിരവധി പൊലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വൻ പ്രതിഷേധം ഉയരുകയും ദേശീയ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ വലിയ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്‌തെങ്കിലും ഇരകൾക്ക് പൂർണമായ നീതിലഭിച്ചില്ല.
സംഭവം ഇന്ത്യൻ നിയമചരിത്രത്തിൽ നിർണായക ഇടപെടലുകൾക്കും സാക്ഷ്യംവഹിച്ചു. ഇതുസംബന്ധിച്ച ഹരജി പരിഗണിച്ച സുപ്രിംകോടതി, മനുഷ്യാവകാശ ലംഘനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു. ഇത്തരമൊരു സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട ആദ്യത്തെ കേസ് കൂടിയാണിത്. കുറ്റക്കാരെ ശിക്ഷിക്കാനും ഇരകൾക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനും കോടതി നിർദേശിച്ചു.
സംഭവം നടന്ന് നാലര പതിറ്റാണ്ടുകൾക്കിപ്പുറവും ഇരകളിൽ പലരും അവഗണനയുടെ നിഴലിലാണ്. വർഷങ്ങളായി ലഭിച്ചിരുന്ന തുച്ഛമായ പെൻഷൻ മുടങ്ങി. പലരും പട്ടിണിയുടെ വക്കിലാണ്. ഇരകളിൽ പലരും ഇതിനകം മരിച്ചു. ബാക്കിയുള്ളവരാകട്ടെ, ഇന്നും സർക്കാർ സഹായങ്ങൾക്കായി കാത്തിരിക്കുകയാണ്. ഈ സംഭവം ആസ്പദമാക്കി പ്രകാശ് ഝായുടെ 'ഗംഗാജൽ' ഉൾപ്പെടെയുള്ള സിനിമകൾ നിർമിക്കപ്പെട്ടു.
the headline refers to the infamous 1979–1980 bhagalpur blindings in bihar, india, where police blinded 31 under-trial criminals using acid. forty-six years later, the incident remains a dark and unforgettable chapter in indian history, symbolizing extreme police brutality and unhealed systemic wounds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."