കായിക സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ; മേളകളുടെ നടത്തിപ്പിനെയും ബാധിക്കും
തിരൂർ: പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ നിസഹകരണസമരം ശക്തമായതോടെ ഉപജില്ല, റവന്യൂ ജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ് അവതാളത്തിൽ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടപടികൾ താളംതെറ്റിയത്.
ജൂൺ 12നകം 161ഉപജില്ലകളിലും എസ്.ഡി.എസ്.ജി.എ സെക്രട്ടറിമാരെയും ജൂൺ 17നകം റവന്യൂ ജില്ലകളിൽ ആർ.ഡി.എസ്.ജി.എ സെക്രട്ടറിമാരെയും തെരഞ്ഞെടുത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറണമെന്ന് എല്ലാ ഡി.ഡിഇമാർക്കും എ.ഇ.ഒമാർക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിരുന്നു.
സാധാരണ എ.ഇ.ഒയുടെ നേതൃത്വത്തിൽ കായികാധ്യാപകർ യോഗം ചേർന്നാണ് സബ് ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നത്. ഉപജില്ലാ സെക്രട്ടറിമാർ യോഗം ചേർന്ന് റവന്യൂ ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. സ്കൂൾ കായികമേളകളുടെ നടത്തിപ്പിന്റെ പ്രധാന ചുമതല സെക്രട്ടറിമാർക്കാണ്. എന്നാൽ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനമെടുക്കാതെ തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് ഇവർ. ഇതോടെ സെക്രട്ടറി പദവി ഏറ്റെടുക്കാൻ അധ്യാപകർ തയാറാകാത്ത സാഹചര്യമാണുള്ളത്.
ഈ വർഷത്തെ സ്കൂൾ കായികമേളകളുടെ നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്.
ജൂലൈ ആദ്യവാരത്തിൽ ആരംഭിക്കേണ്ട സുബ്രതോ ഫുട്ബോൾ മത്സരങ്ങളുടെ നടത്തിപ്പിനെയും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ആരോഗ്യ-കായിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുക, സർക്കാർ-എയ്ഡഡ് സ്കൂളുകൾക്ക് ഒരുപോലെ ബാധകമായ കായികാധ്യാപക സംരക്ഷണ ഉത്തരവ് സ്ഥിരമായി നടപ്പാക്കി സ്റ്റാഫ് ഫിക്സേഷന് മുമ്പ് പ്രസിദ്ധീകരിക്കുക, ഹൈസ്കൂൾ കായികാധ്യാപക തസ്തികയുടെ യോഗ്യത ബി.പി.എഡ് ആയി പരിഷ്കരിക്കുക, ഹൈസ്കൂൾ കായികാധ്യാപകർക്ക് പ്രൈമറി ശമ്പളം നൽകുന്ന വിവേചനം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഉന്നയിക്കുന്ന ആവശ്യങ്ങൾ. ഇത് ഉന്നയിച്ച് വിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീനുമായി സംഘടനാ നേതാക്കൾ രണ്ടുതവണ ചർച്ച നടത്തിയിരുന്നു. അനുകൂല സമീപനമുണ്ടായെങ്കിലും ഉത്തരവിറങ്ങാതെ തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കാനാകില്ലെന്ന നിലപാടിലാണ് അധ്യാപകർ.
'പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം'
തിരൂർ: കായിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കണ്ടെത്തുന്നതിനായി സർക്കാർ അടിയന്തരമായി കമ്മിറ്റിയെ നിയോഗിക്കണമെന്നും സർക്കാർ ഉത്തരവ് പുറത്തിറങ്ങാതെ തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കാനാകില്ലെന്നും സംയുക്ത കായികാധ്യാപക സംഘടനാ ചെയർമാൻ വി. ഷാജി, കൺവീനർ വി. സജാത് സാഹിർ, ഡി.പി.ഇ.ടി.എ സംസ്ഥാന പ്രസിഡന്റ് എസ്. ഷിഹാബുദ്ദീൻ, കെ.പി.എസ്.പി.ഇ.ടി.എ ജനറൽ സെക്രട്ടറി കെ. നബീൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."