ദേശീയപാതയ്ക്ക് ഇരുട്ടടിയായി കെ.എസ്.ഇ.ബി. ഉത്തരവ്; തെരുവുവിളക്കുകളുടെ വൈദ്യുതിബില്‍ മൂന്നിരട്ടിയിലേറെയാകുമെന്ന് ആശങ്ക
കോഴിക്കോട്: സംസ്ഥാനത്തെ പുതിയ ആറുവരിപ്പാതകളിലെ തെരുവുവിളക്കുകള്‍ക്ക് തിരിച്ചടിയായി കെ.എസ്.ഇ.ബി.യുടെ പുതിയ ഉത്തരവ്. ദേശീയപാതയിലെ തെരുവുവിളക്കുകളെ വാണിജ്യ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതോടെ നിലവില്‍ അടയ്ക്കുന്ന വൈദ്യുതിബില്ലിന്റെ രണ്ടിരട്ടിയിലേറെ തുക നിര്‍മാണക്കമ്പനികള്‍ നല്‍കേണ്ട സാഹചര്യമുണ്ടാകും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള തെരുവുവിളക്കുകള്‍ക്കു മാത്രമാണ് സബ്‌സിഡിയോടുകൂടിയ വൈദ്യുതിനിരക്ക് അനുവദിക്കാനാകുകയെന്ന് കെ.എസ്.ഇ.ബിയുടെ താരിഫ് റെഗുലേറ്ററി അഫയേഴ്‌സ് സെല്ലിന്റെ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതുവരെ അതേ സ്ലാബില്‍ ഉള്‍പ്പെടുത്തി നല്‍കിയിരുന്ന കണക്ഷനുകളാണ് ഇപ്പോള്‍ വാണിജ്യ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയായി തെരുവുവിളക്കുകള്‍ സ്ഥാപിച്ച കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ ദേശീയപാത നിര്‍മാണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതിബില്‍ കഴിഞ്ഞ മാര്‍ച്ചുമുതല്‍ സര്‍ക്കാര്‍ നേരിട്ട് അടയ്ക്കുന്ന സംവിധാനം നിലവില്‍ വന്നതിനു പിന്നാലെയാണ് മാര്‍ച്ച് അവസാനത്തോടെ പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ദേശീയപാത ഭാഗത്ത് മാത്രം 44 കണക്ഷനുകളിലായി ഏകദേശം 1,600 തെരുവുവിളക്കുകളാണുള്ളത്. നിലവില്‍ പ്രതിമാസം ഏകദേശം 17 ലക്ഷം രൂപയാണ് വൈദ്യുതിബില്‍. എന്നാല്‍ പുതിയ താരിഫ് നിലവില്‍ വന്നാല്‍ ഇത് 60 ലക്ഷം രൂപയ്ക്ക് മുകളിലേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടല്‍.
ഭാരിച്ച സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടി നിര്‍മാണക്കമ്പനികള്‍ ദേശീയപാത അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്. ദേശീയപാതയുടെ മറ്റ് ഭാഗങ്ങളിലെ നിര്‍മാണം പൂര്‍ത്തിയാകുന്നതനുസരിച്ച് കൂടുതല്‍ കമ്പനികള്‍ക്കും സമാന അറിയിപ്പ് ലഭിക്കുമെന്നാണ് സൂചന.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാത്ത പക്ഷം വൈദ്യുതിബില്‍ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും, സംസ്ഥാനത്തെ പുതിയ ആറുവരിപ്പാതകളിലെ തെരുവുവിളക്കുകള്‍ അണയാനുള്ള സാധ്യത ഉയരുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
A new KSEB order has become a setback for street lights on the state's new six-lane highways. The decision is to include national highway street lights in the commercial consumer category. As a result, construction companies will have to pay more than double the current electricity bill.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."