കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മൂന്നാം നിലയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായ കടിയേറ്റു
കാസര്‍കോട്: കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയുടെ മൂന്നാം നിലയില്‍ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ തെരുവുനായ കടിച്ചു. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് വീഡിയോഗ്രാഫി വിദ്യാര്‍ത്ഥിയുമായ അബിന്‍ കെ. സതീഷിനാണ് (21) കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മാവന്റെ രക്തപരിശോധനാ ഫലം വാങ്ങുന്നതിനായി മൂന്നാം നിലയിലെ ലബോറട്ടറിയിലേക്ക് പോയപ്പോഴാണ് അവിടെ തമ്പടിച്ചിരുന്ന തെരുവുനായ അബിന് നേരെ ചാടിവീണത്. നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അബിന്‍ കൈവീശി പ്രതിരോധിച്ചതിനിടെ കൈയില്‍ കടിയേല്‍ക്കുകയായിരുന്നു.
കൈവീശി പ്രതിരോധിച്ചില്ലെങ്കില്‍ നായ ശരീരത്തിലേക്ക് ചാടിവീണ് ഗുരുതരമായി പരുക്കേല്‍പ്പിക്കുമായിരുന്നുവെന്ന് അബിന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ലാബ് ജീവനക്കാര്‍ കൈ സോപ്പുപയോഗിച്ച് കഴുകുകയും ആശുപത്രിയില്‍ നിന്ന് തന്നെ പ്രതിരോധ കുത്തിവെപ്പ് നല്‍കുകയും ചെയ്തു.
അതേസമയം, മകന് നായയുടെ കടിയേറ്റ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിട്ടതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷ ഉറപ്പാക്കേണ്ട ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം സമീപനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. പകല്‍ സമയങ്ങളിലും നായകള്‍ ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയാറുണ്ടെന്നും രാത്രിയാകുമ്പോള്‍ ആശുപത്രിക്കുള്ളിലേക്ക് വരെ കടക്കാറുണ്ടെന്നും അവര്‍ പറയുന്നു. കൂട്ടമായെത്തുന്ന നായകള്‍ ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് പതിവാണെന്നും പലരും ഭാഗ്യംകൊണ്ടാണ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആശുപത്രിയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎംഒയുടെ ചുമതല വഹിക്കുന്ന ബി. സന്തോഷ് അറിയിച്ചു. ആശുപത്രിക്കുള്ളില്‍ തെരുവുനായകള്‍ പ്രവേശിക്കുന്നത് തടയുന്നതിനും രോഗികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
A stray dog bit a patient's companion on the third floor of Kanhangad District Hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."