ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല- ഇറാന്‍
ടെഹ്‌റാന്‍: ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മാറില്ലെന്ന് ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് ഇറാനിയന്‍ ഭരണത്തിന്‍ കീഴില്‍ തന്നെ തുടരുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചക്കാരനുമായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി.സമുദ്ര സുരക്ഷ, ഉപരോധത്തിലെ ഇളവ്, ലെബനാന്‍, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുതിയ നിര്‍വ്വഹണ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തന്ത്രപ്രധാനമായ ജലപാത 'യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ചുവരില്ല' എന്നും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഇറാന്‍ അതിന്റെ ഭരണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ് മരവിപ്പിച്ച തങ്ങളുടെ 12 ബില്യണ്‍ ഡോളര്‍ ആസ്തികള്‍ വിട്ടുകൊടുക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍ അറിയിച്ചിട്ടുണ്ട്. എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കാനും സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി.
ആഗസ്റ്റ് ഒന്ന് വരെ ഇറാനിയന്‍ എണ്ണയുടെയും പെട്രോകെമിക്കലുകളുടെയും വില്‍പന അനുവദിക്കുന്നതിനായി യു.എസ് ട്രഷറി വകുപ്പ് ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്താരാഷ്ട്ര ആണവ പരിശോധനകള്‍ അനുവദിക്കാനുള്ള ഇറാന്റെ പ്രതിജ്ഞാബദ്ധതയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യു.എസ് പറയുന്നത്. സ്വിറ്റ്സര്‍ലന്‍ഡില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയത്.
ധാരണാപത്രത്തിന് കീഴില്‍ ടെഹ്‌റാന്‍ നേടിയ പ്രധാന നേട്ടങ്ങളിലൊന്നാണ് ഫണ്ട് വിട്ടുകിട്ടലെന്ന് ഗാലിബാഫ് ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ കയറ്റുമതി, പെട്രോകെമിക്കല്‍സ്, അനുബന്ധ ഡെറിവേറ്റീവുകള്‍ എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ അന്തിമ കരാറിലെത്തുന്നതുവരെ നീക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഗതാഗതം തുടങ്ങിയ മേഖലകളിലേക്കും ഈ നടപടികള്‍ വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
iran has declared that the hormuz strait will never return to its pre war status as talks with the united states move forward on frozen assets, oil export sanctions and regional security issues.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."