എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സംസ്ഥാന സർക്കാർ നിയമനം നൽകി. സമാശ്വാസ തൊഴിൽദാന (ആശ്രിത നിയമനം) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിയമനം. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ലെയ്സൺ ഓഫീസറായാണ് (ലിങ്ക്ഡ് തസ്തികയിൽ) നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്.
തന്റെ മകൾക്ക് യോഗ്യതയ്ക്കനുസരിച്ച് ആശ്രിത നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ അടിയന്തരമായി പരിഗണിച്ചാണ് സർക്കാർ ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ശക്തമായ ആവശ്യത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി. കേസ് സിബിഐക്ക് വിടുന്നതിനെതിരെ സി.പി.എം രംഗത്തുവന്നിരുന്നെങ്കിലും, കുടുംബത്തോടൊപ്പം നിൽക്കുന്നു എന്ന സന്ദേശം നൽകാനാണ് സർക്കാർ ഈ നീക്കത്തിലൂടെ ശ്രമിച്ചത്. നിലവിൽ പൊലിസിന്റെ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം പ്രകാരം സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി.
കണ്ണൂരിലെ സേവനത്തിന് ശേഷം പത്തനംതിട്ടയിലേക്ക് സ്ഥലംമാറി പോകാനിരുന്ന നവീൻ ബാബുവിന് നൽകിയ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് പി.പി. ദിവ്യ പരസ്യ അധിക്ഷേപം നടത്തിയത്. ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ ദിവ്യ, പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു അഴിമതി നടത്തി എന്ന രീതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.
ഈ പരസ്യമായ അപമാനത്തിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കേസ്. യാത്രയയപ്പ് യോഗത്തിന് ശേഷം തനിക്ക് ലഭിച്ച ഉപഹാരങ്ങൾ പോലും ഓഫീസിൽ ഉപേക്ഷിച്ചാണ് അദ്ദേഹം ക്വാർട്ടേഴ്സിലേക്ക് മടങ്ങിയത്. അന്ന് രാത്രി 8.55-നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാൻ അദ്ദേഹം ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ പിറ്റേന്ന് പുലർച്ചെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ബന്ധുക്കൾ നവീൻ ബാബു ട്രെയിനില്ലെന്ന് തിരിച്ചറിഞ്ഞ് കണ്ണൂരിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
The Kerala state government has initiated immediate action following a request from the wife of the late ADM Naveen Babu, moving forward with procedures to provide a government job for their daughter on compassionate grounds.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."