വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം
മനില: ഫിലിപ്പീന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി. ആളപായമോ, വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 29 കിലോമീറ്റര്‍ താഴെയാണ് ഭൂകമ്പമുണ്ടായത്. നിലവില്‍ സുനാമി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.
ജൂണ്‍ ആദ്യവാരത്തിലും മിന്‍ഡാനാവോയില്‍ ഭൂചലനമുണ്ടായിരുന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ 80 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം ദക്ഷിണ അമേരിക്കൻ രാജ്യമായ വെനസ്വേലയെ പിടിച്ചുകുലുക്കിയ വൻ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 235 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി വെനസ്വേലൻ അധികൃതർ സ്ഥിരീകരിച്ചു. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ഇരുന്നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 1,500 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭൂചലനത്തിന് പിന്നാലെ പതിനായിരത്തിലേറെ പേരെ കാണാതായതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്തോറും മരണസംഖ്യ ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനങ്ങൾ രാജ്യം നേരിട്ടത്. വെനസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. വൻകിട ഹോട്ടലുകൾ ഉൾപ്പെടെ ഇരുനൂറിലേറെ ബഹുനില മന്ദിരങ്ങളാണ് നിമിഷങ്ങൾക്കകം നിലംപതിച്ചത്.
തീരദേശ മേഖലയിൽ വൻ നാശനഷ്ടം; വിമാനത്താവളം അടച്ചു
തലസ്ഥാനമായ കാരക്കസിന്റെ വടക്കൻ തീരദേശ മേഖലയായ ലാ ഗൈറയിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. മേഖലയിലെ പ്രധാന വിമാനത്താവളത്തിന് കടുത്ത കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചുപൂട്ടി. ഇത് വിദേശത്തുനിന്നടക്കമുള്ള രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലേക്ക് എത്തുന്നതിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തകർന്ന കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും പരിക്കേറ്റ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ അങ്ങേയറ്റം ഹൃദയഭേദകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."