കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനെന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ബാക്കിയാവുന്നത് ദുരൂഹതകള്‍ മാത്രം. വോട്ടര്‍ പട്ടിക പരിഷ്‌കരണം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി വോട്ടുകള്‍ വെട്ടിയതും, മുസ് ലിങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദായങ്ങളെ ലക്ഷ്യംവെച്ച് അട്ടിമറി നടന്നെന്നും ആരോപണങ്ങളുണ്ട്. പല സംസ്ഥാനങ്ങളിലും എസ്.ഐ.ആറുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും തുടരുകയാണ്.
2025 ജൂണ്‍ 24ന് ബിഹാറിലാണ് എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചത്. ഇന്ന് 2026 ജൂണ്‍ അവസാനമാകുമ്പോഴേക്കും ഏകദേശം 6 കോടിക്കടുത്ത് വോട്ടുകളാണ് വെട്ടിമാറ്റപ്പെട്ടത്. എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കിയ ബിഹാറിലും, പശ്ചിമ ബംഗാളിലും ബിജെപി മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ അട്ടിമറികള്‍ ഉണ്ടാവുകയും ചെയ്തു. ഇതോടെ എസ്.ഐ.ആറിന്റെ വിശ്വാസതയും ചോദ്യം ചെയ്യപ്പെടുകയാണ്.
ബിഹാറിനെ വിഴുങ്ങിയ എസ്.ഐ.ആര്‍
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിഹാറില്‍ എസ്.ഐ.ആര്‍ നടപടികള്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ ഏകദേശം 65 ലക്ഷം വോട്ടുകളാണ് വെട്ടിമാറ്റപ്പെട്ടത്. പ്രതിപക്ഷ കക്ഷികളും, മനുഷ്യാവകാശ പ്രവര്‍ത്തകരും നടപടിക്കെതിരെ രംഗത്തുവന്നു. കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. പാവപ്പെട്ടവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമായ സമൂഹങ്ങള്‍ ഒരുരാത്രികൊണ്ട് വിലാസമില്ലാത്തവരാക്കപ്പെട്ടുവെന്ന് ആരോപണങ്ങളുയര്‍ന്നു.
എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.ഐ.ആര്‍ നടപടികളില്‍ ഉറച്ച് നില്‍ക്കുകയും, വോട്ടര്‍പട്ടികയില്‍ നിന്ന് വോട്ടുകള്‍ നിരുപാധികം വെട്ടിമാറ്റുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീംകോടതി എസ്.ഐ.ആര്‍ നടപടി ഭരണഘടന പരമാണെന്ന് വിധിച്ചതും തെരഞ്ഞെടുപ്പ് കമ്മീഷന് അനുകൂലമായി മാറി.
രണ്ടാം ഘട്ടത്തില്‍ കടുവെട്ട്
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എസ്.ഐ.ആറിന്റെ രണ്ടാംഘട്ടം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. കേരളം, ഗുജറാത്ത്, യുപി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ പന്ത്രണ്ട് ഇടങ്ങളിലാണ് വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തിയത്. എസ്.ഐ.ആറിന് മുന്‍പ് ഈ സ്ഥലങ്ങളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 50.99 കോടിയായിരുന്നു. എന്നാല്‍ എസ്.ഐ.ആറിന് ശേഷം ഇത് 45.81 കോടിയായി കുറഞ്ഞു. 5.18 കോടി വോട്ടര്‍മാരാണ് പന്ത്രണ്ട് സംസ്ഥാനങ്ങളിലായി അപ്രത്യക്ഷരായത്. ഇത് ആകെ വോട്ടര്‍മാരുടെ 10.2 ശതമാനം വരും.
റിപ്പോര്‍ട്ട് പ്രകാരം 66.88 ലക്ഷവും മരിച്ചുപോയ വോട്ടര്‍മാരാണെന്ന് കാണിക്കുന്നു. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായത്, 25.47 പേര്‍. പശ്ചിമ ബംഗാളില്‍ 24.16 പേരും പുറത്തായി.
എസ്.ഐ.ആറിന്റെ ഒന്നാംഘട്ട ഫോം പരിശോധനക്ക് പിന്നാലെ നടത്തിയ വെരിഫിക്കേഷന്‍ നടപടികള്‍ക്ക് ശേഷം 63.16 ലക്ഷം പേരുകള്‍ വെട്ടിമാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എസ്.ഐ.ആറിന്റെ പരിണിതഫലം
രാജ്യത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് എസ്.ഐ.ആര്‍ നടപടികള്‍ കൊണ്ടുവന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. തുടക്കം മുതല്‍ തന്നെ ബിജെപി ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായാലും ഒരാളുടെ പൗരത്വം നഷ്ടപ്പെടില്ലെന്നാണ് വസ്തുത.
എന്നാല്‍ രാജ്യത്ത് സിഎഎ, എന്‍.ആര്‍.സി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഗൂഢ തന്ത്രമായി എസ്.ഐ.ആറിനെ ഉപയോഗിക്കുന്നു എന്നാണ് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്. ബിഹാറിലും, വെസ്റ്റ് ബംഗാളിലും അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് അനുവദിക്കുന്ന സാമൂഹിക ആനുകൂല്യങ്ങള്‍ക്ക് എസ്.ഐ.ആര്‍ പട്ടിക മാനദണ്ഡമാക്കുകയാണെന്ന നടുക്കുന്ന റിപ്പോര്‍ട്ട് ഈ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നു. ഇത് രാജ്യത്ത് വലിയൊരു വിഭാഗം ജനതയെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന സാമൂഹിക സുരക്ഷ സ്‌കീമുകള്‍ക്ക് വോട്ടര്‍ പട്ടിക ആധാരമാക്കുന്നത് ദൂരവ്യാപകമായ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
അതിനിടെ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയതും ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉദാഹരണമായി കണക്കാക്കപ്പെടുന്നു. എന്‍സിആര്‍ടിയുടെ സോഷ്യല്‍ സയന്‍സ് പുസ്തകത്തിലാണ് എസ്.ഐ.ആര്‍ ഉള്‍പ്പെട്ടത്. 'അര്‍ഹരായ പൗരന്‍മാരെ ഉള്‍പ്പെടുത്തുന്നതിനും, അനര്‍ഹരെ ഒഴിവാക്കുന്നതിനും' ആണ് എസ്.ഐ.ആര്‍ കൊണ്ടുവന്നതെന്നാണ് പാഠപുസ്തകത്തില്‍ നിര്‍വചിക്കുന്നത്. എന്‍സിആര്‍ടിയുടെ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.
മൂന്നാം ഘട്ടം! ഇനി എത്രപേര്‍?
ഒന്നും, രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം എസ്.ഐ.ആറിന്റെ മൂന്നാം ഘട്ട നടപടികളിലേക്ക് കടന്നിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 14ന് ആരംഭിച്ച മൂന്നാം ഘട്ടത്തില്‍ രാജ്യത്തെ 16 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കും. ഏകദേശം 36.73 കോടി വോട്ടര്‍മാരെയാണ് പരിശോധനക്ക് വിധേയമാക്കുക. ഈ വര്‍ഷം തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."