ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ്
ചെറുതോണി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉത്പാദനം കുറയുമെന്ന സൂചനകള്‍ ശക്തമായതോടെ ആഭ്യന്തര വിപണിയില്‍ ഏലക്ക വില കുത്തനെ ഉയരുന്നു. വിപണിയിലെ ശരാശരി വില കിലോഗ്രാമിന് 3,000 രൂപ കടന്നു. വരും ദിവസങ്ങളിലും വില കൂടുതല്‍ ഉയരാനാണ് സാധ്യതയെന്ന് വ്യാപാര മേഖലയിലുള്ളവര്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലേലങ്ങളില്‍ ഏലക്കയ്ക്ക് മികച്ച വിലയാണ് ലഭിച്ചത്. പുറ്റടി സ്‌പൈസ് പാര്‍ക്കില്‍ ഇന്നലെ സ്‌പെഷാലിറ്റി ഇന്ത്യന്‍ ഫുഡ് പാര്‍ക്‌സ് എക്‌സ്‌പോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ ഓണ്‍ലൈന്‍ ലേലത്തില്‍ 58,306.6 കിലോഗ്രാം ഏലക്കയും വിറ്റുപോയി. കൂടിയ വില 3,819 രൂപയും ശരാശരി വില 2,928.43 രൂപയുമാണ് രേഖപ്പെടുത്തിയത്. ഇടുക്കി മഹിളാ കാര്‍ഡമം പ്രൊഡ്യൂസര്‍ കമ്പനി നടത്തിയ ലേലത്തില്‍ കൂടിയ വില 4,207 രൂപയും ശരാശരി വില 2,858.6 രൂപയും രേഖപ്പെടുത്തി. ആര്‍.എന്‍.എസ് സ്‌പൈസ് കമ്പനി നടത്തിയ ലേലത്തില്‍ ശരാശരി വില 3,001.04 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഏലക്കയുടെ കൂടിയ വിലയില്‍ 1000 രൂപയുടെയും ശരാശരി വിലയില്‍ 500 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മെയ്, ജൂണ്‍ മാസങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതോടെ അന്തരീക്ഷ താപനില ഉയരുകയും ഈര്‍പ്പം കുറയുകയും ചെയ്തു. നല്ല തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ മാത്രമേ ഏലച്ചെടികളില്‍ പൂവിടുകയും കായ്പിടിക്കുകയും ചെയ്യുകയുള്ളൂ. നിലവിലെ വരണ്ട കാലാവസ്ഥ കാരണം ഉല്‍പാദനം പകുതിയായി കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ട കടുത്ത തൊഴിലാളി ക്ഷാമം മൂലം യഥാസമയം വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്താന്‍ കഴിഞ്ഞിരുന്നില്ല. വിളവെടുപ്പും വൈകിയതോടെ തോട്ടങ്ങളുടെ ഉല്‍പാദന ശേഷിയെ അത് സാരമായി ബാധിച്ചു. വരാനിരിക്കുന്ന ദീപാവലി സീസണ്‍ മുന്നില്‍ കണ്ട് ഉത്തരേന്ത്യന്‍ വ്യാപാരികള്‍ വിപണിയില്‍ സജീവമായതും വില ഉയരാന്‍ കാരണമായി.
വില 4000 കടന്നേക്കും
അന്താരാഷ്ട്ര വിപണിയിലും ഇന്ത്യന്‍ ഏലക്കയ്ക്ക് ഡിമാന്‍ഡ് ഏറുകയാണ്. 2021ല്‍ ഏലക്ക വില കിലോയ്ക്ക് 7,000 രൂപ വരെയെത്തി സര്‍വകാല റെക്കോര്‍ഡ് കുറിച്ചിരുന്നു. നിലവിലെ വിപണി സാഹചര്യം തുടര്‍ന്നാല്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ ശരാശരി വില കിലോയ്ക്ക് 4,000 രൂപ കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.
Cardamom prices have surged, with the average auction price crossing Rs 3,000 per kilogram amid a sharp decline in production. Lower arrivals due to reduced output have tightened supply, driving prices higher and benefiting growers. Market observers expect prices to remain firm as long as production stays below normal levels and demand continues to be strong.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."