വീണ്ടും ശമ്പളം മുടങ്ങി: തോട്ടം തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു
മേപ്പാടി: ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റില്‍ വീണ്ടും ശമ്പളം മുടങ്ങിയതോടെ തൊഴിലാളികള്‍ ചെമ്പ്രയില്‍ റോഡ് ഉപരോധിച്ചു. ചെമ്പ്രമല കാണാനെത്തിയ സഞ്ചാരികളുടെ വാഹനങ്ങളാണ് തൊഴിലാളികള്‍ തടഞ്ഞത്. ഓണത്തിന് മുമ്പ് ശമ്പളവും ബോണസും നല്‍കാമെന്ന കമ്പനിയുടെ ഉറപ്പ് പാലിക്കപ്പെടാതായതോടെയാണ് തൊഴിലാളികള്‍ പ്രശ്‌നം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുന്നതിനായി റോഡ് ഉപരോധിച്ചത്.
രാവിലെ ഏഴോടെ തന്നെ രണ്ടിടങ്ങളിലായി തൊഴിലാളികള്‍ സമരം തുടങ്ങി. വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ സഞ്ചാരികള്‍ നടന്നു മല കയറാന്‍ ശ്രമം നടത്തിയെങ്കിലും തൊഴിലാളികള്‍ തടഞ്ഞു. ചെമ്പ്രയിലെ വി.എസ്.എസ് അംഗങ്ങളെയും തടഞ്ഞിരുന്നു.
മേപ്പാടി എസ്.ഐ അയ്യപ്പന്‍ സ്ഥലത്തെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ഹാരിസണ്‍സ് മലയാളം ഉള്‍പെടെയുള്ള തോട്ടങ്ങളില്‍ ഓണത്തിന് മുമ്പ് 8.33 ശതമാനം ബോണസും ശമ്പളവും വിതരണം ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാട്ടി ചെമ്പ്ര എസ്റ്റേറ്റില്‍ മാത്രം അധികൃതര്‍ വിതരണം ചെയ്തിരുന്നില്ല.
സ്ഥിരമായി ശമ്പള വിതരണം മുടങ്ങിയതോടെ ട്രേഡ് യൂനിയന്‍ നേതാക്കള്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുമെന്നും ഓണത്തിന് മുമ്പ് ബോണസ് നല്‍കുമെന്നും ധാരണയാക്കി ഒപ്പിടുകയും ചെയ്തിരുന്നു.
എന്നാല്‍ പറഞ്ഞ സമയത്ത് ബോണസ് വിതരണം ചെയ്യാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് തൊഴിലാളികള്‍ ഉപരോധ സമരവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."