തലച്ചോറും ഹൃദയവും ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾ കാണാനില്ല, ശരീരമാകെ നിരവധി തുന്നലുകൾ; വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം
ലഖ്‌നൗ: വെനസ്വേലയിൽ മരിച്ച ഇന്ത്യൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് പരാതി. ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയായ രാകേഷ് ചൗഹാന്റെ (33) മൃതദേഹത്തിലാണ് തലച്ചോറും ഹൃദയവും ഉൾപ്പെടെയുള്ള പ്രധാന അവയവങ്ങൾ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇന്ത്യയിലെത്തിച്ച് നടത്തിയ രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബവും വിവിധ നാവിക സംഘടനകളും രംഗത്തെത്തി.
രണ്ടാമത്തെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്
വെനസ്വേലയിൽ വെച്ച് കഴിഞ്ഞ മെയ് മാസമാണ് രാകേഷ് ചൗഹാൻ മരണപ്പെടുന്നത്. ഹൃദയാഘാതം മൂലം ആണ് രാകേഷ് മരിച്ചതെന്ന് അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ മൃതദേഹത്തോടൊപ്പം മരണകാരണം വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകളോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ വെനസ്വേലൻ അധികൃതർ കുടുംബത്തിന് കൈമാറിയിരുന്നില്ല. ഇതേത്തുടർന്ന് കുടുംബം സംശയങ്ങൾ ഉന്നയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ, ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഉത്തരവോടെ ദിയോറിയയിൽ വെച്ച് മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു.
ഈ പരിശോധനയിലാണ് രാകേഷിന്റെ ശരീരത്തിനുള്ളിൽ പ്രധാന അവയവങ്ങൾ ഒന്നും തന്നെയില്ലെന്ന് കണ്ടെത്തിയത്. ഫെഡറേഷൻ ഓഫ് സീഫെയറേഴ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ച വിവരങ്ങൾ പ്രകാരം ശരീരത്തിൽ നിന്നും തലച്ചോറ്, ഹൃദയം, രണ്ട് ശ്വാസകോശങ്ങൾ, കരൾ, വൃക്കകൾ, പ്ലീഹ, പാൻക്രിയാസ്, ആമാശയം, കുടലുകൾ, തൈറോയ്ഡ്, തൊണ്ടയിലെ അസ്ഥി, ശ്വാസനാളം, സ്വനപേടകം എന്നിവ നീക്കം ചെയ്യപ്പെട്ടതായും കണ്ടെത്തി.
കൂടാതെ മൃതദേഹത്തിന്റെ കഴുത്ത് മുതൽ അടിവയർ വരെ 22 തുന്നലുകളും, ഒരു ചെവി മുതൽ അടുത്ത ചെവി വരെ 21 തുന്നലുകളും ഉണ്ടായിരുന്നു. ആന്തരികാവയവങ്ങൾ പൂർണ്ണമായി നീക്കം ചെയ്യപ്പെട്ടതിനാൽ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ ഇന്ത്യയിൽ വച്ച് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർക്ക് സാധിച്ചിട്ടില്ല. എന്നാൽ മരണത്തിന് മുൻപ് ശരീരത്തിൽ ബാഹ്യമായ പരുക്കുകൾ ഏറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുമില്ല.
2025 നവംബറിലാണ് 'എക്‌സ്ഫിനിറ്റി'എന്ന കമ്പനി വഴി രാകേഷ് ചൗഹാൻ വെനസ്വേലയിൽ മർച്ചന്റ് നേവി കപ്പലിൽ ജോലിക്ക് ചേർന്നത്. രാകേഷ് കപ്പലിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലാണെന്നാണ് കമ്പനി ആദ്യം കുടുംബത്തെ അറിയിച്ചത്. പിന്നീട് രക്ഷപ്പെടാൻ 5 ശതമാനം സാധ്യതയേ ഉള്ളൂ എന്ന് പറയുകയും, തൊട്ടുപിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
വീഴ്ചയിലുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് അധികൃതർ തന്നെ ഇത് ഹൃദയാഘാതമാണെന്ന് തിരുത്തിപ്പറയുകയായിരുന്നു. മെയ് 7 മുതൽ ജൂൺ 5 വരെ മൃതദേഹം വെനസ്വേലയിൽ ഡീപ് ഫ്രീസറിൽ സൂക്ഷിച്ച ശേഷം ഇന്ത്യയിലെത്തിച്ചതിന് പിന്നിലും ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചു.
വെനസ്വേലൻ അധികൃതരിൽ നിന്ന് ഇന്ത്യ കൃത്യമായ വിശദീകരണം തേടാനും വിദേശത്ത് നടത്തിയ ആദ്യ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടും മരണസാഹചര്യങ്ങളും പുറത്തുവിടാനും കപ്പൽ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുകയും നാവികന്റെ കുടുംബത്തിന് നീതിയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കുകയും ചെയ്യണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ് ഈ സംഭവമെന്ന് ഫെഡറേഷൻ ഓഫ് സീഫെയറേഴ്‌സ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്നും യൂണിയൻ വ്യക്തമാക്കി.
പോസ്റ്റുമോർട്ടം നടക്കുന്ന സമയത്ത് പരിശോധനകൾക്കായി അവയവങ്ങൾ മാറ്റാറുണ്ടെങ്കിലും, അത് സംബന്ധിച്ച ഒരു രേഖയും കൈമാറാതിരുന്നതാണ് അവയവക്കടത്ത് ഉൾപ്പെടെയുള്ള വലിയ സംശയങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
The family of an Indian sailor who died under mysterious circumstances in Venezuela has raised serious allegations after his body was returned to India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."