‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസ്സൻ. ഫുട്ബോളിലെ നീതിയേക്കാൾ ഫിഫ മുൻഗണന നൽകുന്നത് മാർക്കറ്റിംഗിനാണെന്നും, ലയണൽ മെസ്സിയെയും അർജന്റീനയെയും ടൂർണമെന്റിൽ നിലനിർത്താൻ ബോധപൂർവ്വമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും ഹസ്സൻ പരസ്യമായി ആരോപിച്ചു.
ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ 2-0 ന് മുന്നിലായിരുന്ന ഈജിപ്തിനെ അവസാന 11 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന 3-2 ന് തോൽപ്പിച്ചത്. എന്നാൽ മത്സരത്തിലെ നിർണായകമായ റഫറിയിങ് പിഴവുകളാണ് ഈജിപ്തിന്റെ പരാജയത്തിന് കാരണമായതെന്ന് കോച്ച് ചൂണ്ടിക്കാട്ടുന്നു.
‘കളി നിയന്ത്രിക്കുന്നത് പിച്ചിലെ തന്ത്രങ്ങളല്ല, പുറത്തെ ഘടകങ്ങളാണ്’
മത്സരത്തിൽ ഈജിപ്തിന്റെ മൂന്നാം ഗോൾ വി.എ.ആർ (VAR) പരിശോധനയിലൂടെ നിഷേധിച്ചതും, പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഈജിപ്ഷ്യൻ താരം മുഹമ്മദ് സലായെ ഫൗൾ ചെയ്തതിന് പെനാൽറ്റി നൽകാതിരുന്നതുമാണ് ഹൊസാം ഹസ്സനെ ചൊടിപ്പിച്ചത്. റഫറി ഒരു തവണ പോലും വാർ പരിശോധിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മത്സരശേഷം വാർത്താസമ്മേളനത്തിൽ ഹൊസാം ഹസ്സൻ പറഞ്ഞത്:
"ഇന്ന് മൈതാനത്ത് സംഭവിച്ചത് ഒട്ടും ശരിയായ കാര്യമല്ല. ഞങ്ങൾക്ക് കൃത്യമായി 3-1 ന് മുന്നിലെത്താമായിരുന്ന കളിയാണ് റഫറി ഇടപെട്ട് 2-2 ആക്കിയത്. എനിക്ക് തോന്നുന്നത് ഇവിടുത്തെ പ്രധാന വിഷയം മാർക്കറ്റിംഗ് ആണെന്നാണ്. അവർക്ക് ഈ ലോകകപ്പ് ഒരു പ്രത്യേക രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം. മുൻ ചാമ്പ്യന്മാരായ അർജന്റീനയും അവരുടെ താരം ലയണൽ മെസ്സിയും ടൂർണമെന്റിൽ തുടരേണ്ടത് അവരുടെ ആവശ്യമാണ്."
"ഫുട്ബോളിൽ ഇപ്പോൾ പിച്ചിൽ സംഭവിക്കുന്ന തന്ത്രങ്ങൾക്കപ്പുറം ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ലോക ചാമ്പ്യന്മാർക്കെതിരെയാണ് കളിക്കുന്നതെങ്കിൽ അവർക്ക് എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിക്കും, പ്രത്യേകിച്ച് മാർക്കറ്റിംഗ് പിന്തുണ. നിങ്ങൾ അതിനെ എന്ത് പേരിട്ട് വേണമെങ്കിലും വിളിച്ചോളൂ," ഹസ്സൻ കൂട്ടിച്ചേർത്തു.
ഫിഫയുടെ ‘ഫെയർ പ്ലേ’ വെറുമൊരു മുദ്രാവാക്യം മാത്രം
തോൽവിയിൽ നിരാശരായ ഈജിപ്ഷ്യൻ, അറബ്, ആഫ്രിക്കൻ ആരാധകരെ കോച്ച് ആശ്വസിപ്പിച്ചു. ഈ അന്യായമായ തോൽവിയിൽ ആരും സങ്കടപ്പെടേണ്ടതില്ലെന്നും കളം നിറഞ്ഞുകളിച്ച ടീമിനെയോർത്ത് അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫിഫയുടെ ഇരട്ടത്താപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു.
ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിനെതിരായ മത്സരത്തിലും ഈജിപ്തിന് വ്യക്തമായ ഒരു പെനാൽറ്റി നിഷേധിക്കപ്പെട്ടിരുന്നു.കളിയിലെ ഗതി മാറ്റിയ മാരകമായ റഫറിയിങ് തെറ്റുകളാണ് പ്രീ-ക്വാർട്ടറിലും ആവർത്തിച്ചത്.
"ഫെയർ പ്ലേയും ബഹുമാനവും (Fair Play and Respect) എന്നതാണ് ഫിഫയുടെ പ്രധാന മുദ്രാവാക്യം. എന്നാൽ ഇവിടെ അതിന് യാതൊരു വിലയുമില്ലെന്ന് വ്യക്തമായി. കളിയിലെ ഫലത്തെ മാറ്റിമറിക്കുന്ന ഇത്തരം വലിയ തെറ്റുകൾ ഒരിക്കലും അംഗീകരിക്കാനാകില്ല," ഈജിപ്ത് പരിശീലകൻ വ്യക്തമാക്കി. നാടകീയ ജയത്തോടെ ക്വാർട്ടറിലെത്തിയ അർജന്റീന അടുത്ത മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."