യുഎഇയില്‍ ഹുമിഡിറ്റിയുള്ള രാത്രി, പൊടിക്കാറ്റിനും സാധ്യത; കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ
ദുബൈ: യുഎഇയില്‍ ഇന്ന് മുതല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ പൊതുവെ തെളിഞ്ഞതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. രാത്രിയോടെ തീരപ്രദേശങ്ങളില്‍ ഈര്‍പ്പം (ഹുമിഡിറ്റി) വര്‍ധിക്കുമെന്നും പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ കാറ്റും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തെക്കുപടിഞ്ഞാറ് മുതല്‍ വടക്കുപടിഞ്ഞാറ് ദിശയിലേക്കുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇതുമൂലം പടിഞ്ഞാറന്‍ മേഖലകളില്‍ പകല്‍സമയത്ത് പൊടിപടലങ്ങള്‍ ഉയരാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് താപനില കാലാവസ്ഥയ്ക്ക് അനുസൃതമായ നിലയില്‍ തുടരും. അബുദബിയില്‍ പരമാവധി 40 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 39 ഡിഗ്രി സെല്‍ഷ്യസും പ്രതീക്ഷിക്കുന്നു. അല്‍ഐന്‍, ലിവ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ ഉള്‍നാടന്‍ മേഖലകളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഈര്‍പ്പത്തിന്റെ അളവ് ഗണ്യമായി ഉയരും. ദല്‍മ ദ്വീപില്‍ ആപേക്ഷിക ഈര്‍പ്പം 90 ശതമാനം വരെ എത്താം. ഫുജൈറയിലും ഗ്രേറ്റര്‍ ടുന്‍ബ്, ലെസര്‍ ടുന്‍ബ് ദ്വീപുകളിലും 85 ശതമാനം വരെ ഈര്‍പ്പം രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. രാത്രി വൈകിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ അനുകൂല സാഹചര്യവും ഉണ്ടാകുമെന്ന് എന്‍സിഎം അറിയിച്ചു.
അറബിക്കടലില്‍ തിരമാലകള്‍ പൊതുവെ നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും പടിഞ്ഞാറന്‍ സമുദ്രമേഖലയില്‍ ഇന്നും നാളെയും കാറ്റ് ശക്തമാകുന്നതോടെ ചില സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ ഉള്‍ക്കടലില്‍ കടല്‍ പൊതുവെ ശാന്തമായിരിക്കുമെന്നാണ് പ്രവചനം.
വ്യാഴാഴ്ചയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ ഇടയ്ക്കിടെ മേഘസാന്നിധ്യം വര്‍ധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച കാറ്റിന്റെ ശക്തി നേരിയ തോതില്‍ കുറയുമെങ്കിലും മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയും താരതമ്യേന ശാന്തമായ കടല്‍സ്ഥിതിയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
English Summary: Fair to partly cloudy skies will prevail across the UAE on Wednesday, with cloud cover increasing at times over the eastern and northern regions by night, while humid conditions are expected to develop along some coastal areas late at night and into Thursday morning, according to the National Centre of Meteorology (NCM).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."