കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച് സി.പി.ഐയില്‍ ചേര്‍ന്നു
മാള: ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നതും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമടക്കം വഹിച്ചിരുന്നതുമായ ജെയിംസ് കണ്ടംകുളത്തി അടക്കം 25 ഓളം പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് സി.പി.ഐയില്‍ ചേര്‍ന്നതായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ഗ്രസ് കുഴൂര്‍ മണ്ഡലം പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും വൈസ് പ്രസിഡന്റായും ഗ്രാമപഞ്ചായത്തംഗമായും 18 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന താന്‍ പാര്‍ട്ടിയുടെ അഴിമതിയും വര്‍ഗീയതയോടുള്ള മൃദുസമീപനങ്ങളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതെന്ന് ജെയിംസ് കണ്ടംകുളത്തി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പില്‍ നിന്നും രാജിവച്ചതായുള്ള കത്ത് ഡി.സി.സി പ്രസിഡന്റിന് അയച്ചിട്ടുണ്ട്. പഠിക്കുന്ന കാലം മുതല്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നിപ്പോള്‍ 45 വര്‍ഷക്കാലത്തിലേറെ ആ പാര്‍ട്ടിയില്‍ അടിയുറച്ച് നിന്നിരുന്നതാണ്.
എന്നാല്‍ അഴിമതിയിലും ഗ്രൂപ്പ് കളിയിലും മുങ്ങിത്താഴുന്ന കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയതയോട് മൃദുസമീപനം പുലര്‍ത്തുന്നത് സഹിക്കാനാവാത്ത അവസ്ഥയിലെത്തിയപ്പോഴാണ് ഇത്തരം പ്രവണതകളൊന്നും തന്നെയില്ലാത്ത സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ യൂനിറ്റ് കുഴൂരില്‍ ആരംഭിച്ചു ദീര്‍ഘകാലം ബ്ലോക്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യാ പീഡനത്തില്‍ കോടതി ശിക്ഷിച്ച വ്യക്തിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന തന്റെ ആവശ്യം പാര്‍ട്ടി മാനിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് രണ്ടു വര്‍ഷക്കാലമായി താന്‍ പാര്‍ട്ടിയില്‍ നിര്‍ജീവമായി തുടരുകയായിരുന്നു. ഇക്കാലയളവിലാണ് അഴിമതിരഹിതവും സംശുദ്ധവുമായ പാര്‍ട്ടിയായ സി.പി.ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തത്. തന്റെയൊപ്പം നിരവധി പേര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് സി.പി.ഐയില്‍ ചേരാന്‍ കാത്തിരിക്കയാണെന്നും ജെയിംസ് കണ്ടംകുളത്തി അറിയിച്ചു.
ഇവര്‍ക്ക് സ്വീകരണം നല്‍കാനായി ഈ മാസം 26 തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പാറപ്പുറത്ത് സ്വീകരണ സമ്മേളനം നടക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.വി വസന്തകുമാര്‍ അറിയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.എന്‍ ജയദേവന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, കെ.വി വസന്തകുമാര്‍, ലളിത ചന്ദ്രശേഖരന്‍, കെ.സി ഗോപി, എം.ആര്‍ അപ്പുക്കുട്ടന്‍, പി.എഫ് ജോണ്‍സന്‍, പി.കെ അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."