12 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം
ഡല്‍ഹി: 12 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഇതുസംബന്ധിച്ച വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി. ഇതുവരെ ഡ്രഗ്‌സ് ചട്ടങ്ങളിലെ ഷെഡ്യൂള്‍ കെ പ്രകാരം ലഭിച്ചിരുന്ന പൊതുവായ ഇളവുകള്‍ ഇനി ഇത്തരം മരുന്നുകള്‍ക്ക് ലഭിക്കില്ല. പകരം ഇവയെ ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
പുതിയ ചട്ടപ്രകാരം, ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഇത്തരം മരുന്നുകള്‍ ഫാര്‍മസികള്‍ക്ക് വില്‍ക്കാന്‍ കഴിയില്ല. കൂടാതെ മരുന്ന് വിതരണക്കാരും കെമിസ്റ്റുകളും ഓരോ വില്‍പ്പനയുടെയും വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ചില ചുമസിറപ്പുകള്‍, ടോണിക്കുകള്‍, മറ്റ് ദ്രവരൂപത്തിലുള്ള ഔഷധങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യാപകമായി വില്‍ക്കപ്പെടുകയും ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ഇത്തരം മരുന്നുകളെ നിരീക്ഷണവും നിയന്ത്രണവും ആവശ്യമായ ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തിലേക്ക് മാറ്റുന്നതിലൂടെ ദുരുപയോഗം തടയാനും ഉത്തരവാദിത്തത്തോടെയുള്ള വിതരണം ഉറപ്പാക്കാനുമാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമഭേദഗതിയിലൂടെ ഈ മരുന്നുകള്‍ നിരോധിച്ചിട്ടില്ലെന്നും രോഗികള്‍ക്ക് ലഭ്യമാകാതിരിക്കുകയുമില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ആവശ്യമായ വൈദ്യപരിശോധനയ്ക്കും ഡോക്ടറുടെ നിര്‍ദേശത്തിനും ശേഷമേ ഇവ ഉപയോഗിക്കാവൂ എന്ന് ഉറപ്പാക്കുക മാത്രമാണ് പുതിയ ചട്ടത്തിന്റെ ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, ഫാര്‍മസികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തവും പുതിയ ചട്ടം നല്‍കുന്നുണ്ട്. ഷെഡ്യൂള്‍ എച്ച്1 വിഭാഗത്തിലുള്ള മരുന്നുകള്‍ വില്‍ക്കുമ്പോള്‍ ഓരോ വില്‍പ്പനയുടെയും വിശദാംശങ്ങള്‍ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഡോക്ടറുടെ കുറിപ്പടിയും വില്‍പ്പന രേഖകളും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധനയ്ക്കായി കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും സുരക്ഷിതമായി സൂക്ഷിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.
The Union Ministry of Health and Family Welfare has imposed strict restrictions on the sale of medicines containing more than 12% alcohol.The ministry has issued a notification regarding this. The general exemptions these medicines previously received under Schedule K of the Drugs Rules will no longer apply. Instead, they have now been placed under the Schedule H1 category.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."