കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?
മേപ്പാടി (വയനാട്): ഏഴ് പേരുടെ ജീവനെടുത്തും ഒരാളെ ഇനിയും കണ്ടെത്താനാകാതെയും 10 പേർക്ക് പരുക്കേൽക്കാനിടയുമായ കള്ളാടി മീനാക്ഷി പാലത്തിന് സമീപത്തെ മണ്ണിടിച്ചിൽ ദുരന്തം രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന ചോദ്യത്തിനൊപ്പം പദ്ധതി പ്രദേശത്തെ വ്യാപകമായ മല ഇടിക്കലിനും മണ്ണ് നിക്ഷേപത്തിനുമപ്പുറം വയനാടിന്റെ പരിസ്ഥിതിക്ക് തുരങ്കപാത പദ്ധതി തന്നെ അനുയോജ്യമാണോ എന്ന ചർച്ചയും വീണ്ടും സജീവമായിരിക്കുകയാണ്.
60 വ്യവസ്ഥകൾ; പാലിച്ചോ?
2025 മെയിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി (EAC) 60 നിർബന്ധിത വ്യവസ്ഥകളോടെയാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയത്. എന്നാൽ, ഇവയിൽ പലതും പാലിക്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.ഈ വ്യവസ്ഥകൾ നടപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സംസ്ഥാന സർക്കാർ പുതിയ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം, പല നിർദേശങ്ങളും നടപ്പാക്കിയിട്ടില്ലെന്നും ചിലത് ലംഘിക്കപ്പെട്ടിരിക്കാമെന്നുമാണ് സൂചന.
മണ്ണ് നിക്ഷേപത്തിൽ വ്യവസ്ഥ ലംഘിച്ചോ?
നിർമാണത്തിനിടെ പുറത്തെടുക്കുന്ന മണ്ണ് അധികൃതർ അംഗീകരിച്ച സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും സമീപവാസികൾക്ക് ദോഷമുണ്ടാകരുതെന്നും പരിസ്ഥിതി അനുമതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഖനനം ചെയ്ത വലിയ അളവിലുള്ള മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ കൂമ്പാരമായി നിക്ഷേപിച്ചു. മഴക്കാലത്ത് ഈ മണ്ണ് സമീപത്തെ പുഴകളിലേക്കും തോടുകളിലേക്കും ഒഴുകി ജലമലിനീകരണം ഉണ്ടാക്കുന്നതായി നാട്ടുകാർ നേരത്തേ പരാതി ഉന്നയിച്ചിരുന്നു.
ഭൂഗർഭജല ഉപയോഗവിലക്കും സാധ്യതാ പഠനവും
പദ്ധതിക്കായി ഭൂഗർഭജലം ഉപയോഗിക്കുന്നത് അനുമതി വിലക്കിയിരുന്നു. എന്നാലും, നിർമാണ ആവശ്യങ്ങൾക്കായി പദ്ധതി പ്രദേശത്ത് നിരവധി കുഴൽക്കിണറുകൾ കുഴിച്ച് ഭൂഗർഭജലം ഉപയോഗിച്ചതായി ആരോപണമുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളുടെ സൂക്ഷ്മതല മാപ്പിങ് നടത്തി അപകടസാധ്യതയുള്ള ചെരിവുകൾ പരിസ്ഥിതി മാനേജ്മെന്റ് കമ്മിറ്റി നിരന്തരം നിരീക്ഷിക്കുകയും റിപ്പോർട്ടുകൾ മേപ്പാടി പഞ്ചായത്തിന് സമർപ്പിക്കുകയും വേണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്.
മോണിറ്ററിങ് സ്റ്റേഷനുകൾ എവിടെ?
തുരങ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ നാല് ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് ലഭിക്കുന്ന വിവരങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും പഞ്ചായത്തിനും കൈമാറുകയും പദ്ധതി വെബ്‌സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇത്തരം വിവരങ്ങളോ റിപ്പോർട്ടുകളോ ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം.
പക്ഷിപഠനവും ആനത്താരയും ഇനിയും ബാക്കി
തുരങ്കനിർമാണം അപൂർവവും തദ്ദേശീയവുമായ പക്ഷികളുടെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാൻ ഇ.എ.സി നിർദേശിച്ചിരുന്നു. മാർച്ചിൽ സ്‌ഫോടന പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഈ പഠനം ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് വിവരം. ആനകളുടെ സ്വാഭാവിക സഞ്ചാരം നിലനിർത്തുന്നതിനായി 3.05 ഹെക്ടർ ഭൂമി ഏറ്റെടുത്ത് അപ്പങ്കാപ്പ് ആനത്താര സ്ഥാപിക്കണമെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ, ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് റിപ്പോർട്ട്.
ലംഘിച്ചോ പരിസ്ഥിതി വ്യവസ്ഥകൾ
പരിസ്ഥിതിലോല പ്രദേശങ്ങളിലെ പദ്ധതികൾക്ക് ബാധകമായ എല്ലാ നിയമങ്ങളും കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി അനുമതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതിയോടൊപ്പം നിർബന്ധമാക്കിയിരുന്ന നിരവധി വ്യവസ്ഥകൾ രേഖകളിൽ മാത്രം ഒതുങ്ങുകയും അവ പൂർണമായി നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപത്തിന് ബലം നൽകുന്നതാണ് നിലവിൽ ലഭ്യമായ വിവരങ്ങൾ. ഈ വ്യവസ്ഥകൾ എത്രത്തോളം പാലിക്കപ്പെട്ടുവെന്നും ഏതെങ്കിലും വീഴ്ചകൾ ദുരന്തത്തിന് കാരണമായോയെന്നും ഇനി നടക്കുന്ന അന്വേഷണങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."