'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ
ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കുന്ന വിഷയത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ.കെ. ശൈലജ. പദ്ധതി സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നും പി.എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന നിലപാട് ഇടത് സര്‍ക്കാര്‍ നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
പി.എം ശ്രീ പദ്ധതിയെ ചൊല്ലി പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ രതീഷ് കാളിയാടന്‍ എഴുതിയ ലേഖനം വിവാദമായതിന് പിന്നാലെയാണ് കെ.കെ. ശൈലജയുടെ പ്രതികരണം. നേരത്തെ നീറ്റ് പരീക്ഷ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതുപോലെ തന്നെ പി.എം ശ്രീ പദ്ധതിയും നിര്‍ബന്ധിതമായി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇത് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നും അവര്‍ ആരോപിച്ചു.
അതേസമയം, പി.എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാനാകില്ലെന്നാണ് രതീഷ് കാളിയാടന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പരസ്പര ധാരണയിലൂടെയാണ് കരാര്‍ അവസാനിപ്പിക്കാനോ മരവിപ്പിക്കാനോ കഴിയുകയെന്നും ലേഖനത്തില്‍ പറയുന്നു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ അന്തിമ ചര്‍ച്ചയില്ലാതെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് നടപടിക്രമത്തിലെ അപാകതയാണെന്നും രതീഷ് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. നിലവില്‍ പി.എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളും സി.പി.എം നേതാക്കളും യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെടുമ്പോള്‍, കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഏകപക്ഷീയമായ പിന്മാറ്റം സാധ്യമല്ലെന്നാണ് യു.ഡി.എഫ് വാദിക്കുന്നത്.
ഈ തര്‍ക്കം തുടരുന്നതിനിടെയാണ് കരാറിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്ന രതീഷ് കാളിയാടന്റെ ലേഖനം പുറത്തുവന്നത്. സംസ്ഥാനത്തിന് രാഷ്ട്രീയപരമായ തീരുമാനമെടുത്ത് ഫണ്ട് ഉപേക്ഷിക്കാമെന്ന സാധ്യത ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും, കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ വ്യവസ്ഥയില്ലെന്ന വിലയിരുത്തല്‍ സിപിഎമ്മിന്റെ നിലപാടിനെ പ്രതിരോധത്തിലാക്കുന്നതായാണ് രാഷ്ട്രീയ വിലയിരുത്തല്‍.
CPI(M) Central Committee member and former minister K.K. Shailaja said that the previous LDF government made no lapse in implementing the Central Government’s PM SHRI scheme.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."