ഇറാൻ ആക്രമണം: യുഎഇയിലെ യു.എസ് എംബസിയും ദുബൈ കോൺസുലേറ്റും കോൺസുലർ സേവനങ്ങൾ നിർത്തിവെച്ചു
അബൂദബി: മേഖലയിൽ തുടരുന്ന സുരക്ഷാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അബൂദബിയിലെ യു.എസ്. എംബസിയും ദുബൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലും നാളെ വരെ നിശ്ചയിച്ചിരുന്ന എല്ലാ കോൺസുലർ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. ഈ ദിവസങ്ങളിൽ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ യാത്ര ചെയ്യരുതെന്നും, ബാധിക്കപ്പെട്ട അപേക്ഷകരെ പുതിയ തീയതി അറിയിച്ച് നേരിട്ട് ബന്ധപ്പെടുമെന്നും യു.എസ്. മിഷൻ അറിയിച്ചു.
ഈ സമയത്തിനുള്ളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചിട്ടുള്ള അമേരിക്കൻ പൗരന്മാർ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ നയതന്ത്ര കാര്യാലയങ്ങളിൽ എത്തരുതെന്നും സുരക്ഷാ മുന്നറിയിപ്പിൽ വ്യക്തമാക്കി.
പ്രാദേശിക സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യു.എസ്. സർക്കാരിന്റെ അടിയന്തരമല്ലാത്ത ജീവനക്കാരെ യു.എ.ഇയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതിനാൽ എംബസിയും കോൺസുലേറ്റും ഇപ്പോഴും 'ഓർഡേഡ് ഡിപ്പാർച്ചർ' നിലയിലാണ്. ഇതിന്റെ ഭാഗമായി അമേരിക്കൻ പൗരന്മാർക്ക് പരിമിതമായ കോൺസുലർ സേവനങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമാകുക.
അതേസമയം, യു.എ.ഇയിലെ പതിവ് യു.എസ്. വിസാ സേവനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി എംബസി അറിയിച്ചു.
മേഖലയിൽ സുരക്ഷാ ആശങ്കകൾ രൂക്ഷമായ സാഹചര്യത്തിൽ നയതന്ത്ര പ്രവർത്തനങ്ങളിൽ അമേരിക്ക തുടർച്ചയായി മാറ്റങ്ങൾ വരുത്തിവരികയാണെന്നും, ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും എംബസി നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് യു.എസ്. മിഷൻ അമേരിക്കൻ പൗരന്മാരോട് അഭ്യർഥിച്ചു.
English Summary: US Embassy in Abu Dhabi and Consulate in Dubai suspend consular services amid regional security concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."