വഖ്ഫ് ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്; ഘടന നിയമപരമല്ലെന്ന് പ്രാഥമിക നിരീക്ഷണം
കൊച്ചി: കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ സംസ്ഥാന വഖ്ഫ് ബോര്‍ഡ് പ്രധാനപ്പെട്ട തീരുമാനങ്ങളോ നയപരമായ തീരുമാനങ്ങളോ എടുക്കാനോ മൂലധനച്ചെലവുകള്‍ നടത്താനോ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്.
ഭേദഗതി ചെയ്ത നിയമപ്രകാരം നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട രണ്ട് അമുസ്്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതിനെതിരെ ബി.ജെ.പി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാല് പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം.ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭേദഗതി ചെയ്ത വഖ്ഫ് നിയമപ്രകാരം കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ പ്രാഥമിക നിരീക്ഷണം.
നിയമത്തിലെ ഭേദഗതി വരുത്തിയ 14ാം വകുപ്പ് കര്‍ശനമായി പാലിച്ച് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറി ബി. പുഷ്പവല്ലി സര്‍ക്കാര്‍ ഭാഗത്തുനിന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മറ്റ് മൂന്ന് ഹരജികളില്‍, ബോര്‍ഡ് അംഗമായി മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ ഉള്‍പ്പെടുത്തിയതിനെ സ്റ്റാലിന്‍ ദേവനും ഷിയ വിഭാഗത്തില്‍പ്പെട്ട അംഗത്തെ ഉള്‍പ്പെടുത്താത്തതിനെ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ സാജിദ് ഹുസൈന്‍ ഖതായിയും ചോദ്യംചെയ്തു.
അതേസമയം, അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വിസസ് നല്‍കിയ ഹരജിയില്‍ ബോര്‍ഡില്‍ അമുസ്്‌ലിം അംഗങ്ങള്‍ ഇല്ലാത്തതിനെ മാത്രമല്ല, തര്‍ക്കവിഷയമായ 404 ഏക്കര്‍ മുനമ്പം ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ വഖ്ഫ് സ്വത്തുക്കളുടെ വിവരശേഖരണ പോര്‍ട്ടലായ 'ഉമീദ്' ല്‍ ഉള്‍പ്പെടുത്തിയതിനെയും ചോദ്യം ചെയ്തിരുന്നു.
വഖ്ഫ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പില്‍നിന്നുള്ള ജോയിന്റ് സെക്രട്ടറിയെ നാമനിര്‍ദേശം ചെയ്യണമെന്ന നിയമപരമായ വ്യവസ്ഥ ലംഘിച്ച് നിയമ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയെ ബോര്‍ഡില്‍ എക്‌സ്ഓഫിഷ്യോ അംഗമായി ഉള്‍പ്പെടുത്തിയതിനെയും ഹരജിക്കാര്‍ ചോദ്യം ചെയ്തു. ഭേദഗതി ചെയ്ത വഖ്ഫ് നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ രണ്ട് അമുസ്്‌ലിം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബോര്‍ഡിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, സുപ്രിംകോടതിയുടെ പരിഗണനയില്‍ അത്തരം വിഷയങ്ങളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഈ വാദം നിഷേധിച്ചു.
ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ പരിഗണിച്ച ശേഷം, ബോര്‍ഡില്‍ രണ്ട് അമുസ്്‌ലിം അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വസ്തുതയും ഒരു ഹരജിക്കാരന്‍ ആരോപിച്ചതുപോലെ ഷിയ വിഭാഗത്തില്‍പ്പെട്ട അംഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യവും കണക്കിലെടുക്കുമ്പോള്‍, നിലവിലെ ബോര്‍ഡിന്റെ രൂപീകരണം നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു.കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഹരജികള്‍ ജൂലൈ 22ലേക്ക് മാറ്റി.
സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ഘടന നിയമപരമല്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവുമായ അഷര്‍ പി.വി നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. വഖ്ഫ് ബോര്‍ഡ് അംഗങ്ങളായി അര്‍ഹതയില്ലെന്നു കാണിച്ച് നല്‍കിയ ഹരജിയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ കക്ഷികളായി ചേര്‍ക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹരജി അനുവദിക്കാന്‍ കഴിയില്ലെന്ന്് ജസ്റ്റിസുമാരായ അനില്‍ കെ നഗേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നേരത്തെ തള്ളിയത്്.കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് വഖ്ഫ് ബോര്‍ഡില്‍ പുനര്‍നിയമനം നടത്താന്‍ ഒരുക്കമാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രതികരിച്ചു.
The Kerala High Court has restrained the State Waqf Board from making policy decisions or major capital expenditures, observing that its current composition prima facie violates the amended law due to the exclusion of non-Muslim and Shia representatives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."