സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം;
റിയാദ്: സഊദി അറേബ്യയില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സഊദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ചാര്‍ട്ടേഡ് ആന്‍ഡ് പ്രൊഫഷണല്‍ അക്കൗണ്ടന്റ്‌സ് (സോക്പ) നടത്തുന്ന പ്രത്യേക യോഗ്യതാ പരീക്ഷയോ പരിശീലന പരിപാടിയോ നിര്‍ബന്ധമായും പാസാകണം.
സാമ്പത്തിക രംഗത്തെ സുതാര്യത വര്‍ദ്ധിപ്പിക്കാനും നിക്ഷേപകര്‍ക്കും സാധാരണക്കാര്‍ക്കും കൃത്യവും ആധികാരികവുമായ ഉപദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടി. ഇതുവരെ വാണിജ്യ മന്ത്രാലയമായിരുന്നു ഇത്തരം ലൈസന്‍സുകള്‍ നല്‍കിയിരുന്നത് എങ്കില്‍, പുതിയ തീരുമാനത്തോടെ ഈ അധികാരം പൂര്‍ണ്ണമായും 'സോക്പ'യിലേക്ക് കൈമാറിയിരിക്കുകയാണ്.
നിലവില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കാന്‍ ലൈസന്‍സുള്ളവര്‍ തങ്ങളുടെ ലൈസന്‍സ് കാലാവധി തീരുന്നതിന് മുന്‍പായി നിര്‍ബന്ധമായും 'സോക്പ'യുടെ യോഗ്യതാ പരീക്ഷ പാസാവുകയോ യോഗ്യതാ കോഴ്‌സ് പൂര്‍ത്തിയാക്കുകയോ ചെയ്യണം. യോഗ്യതയില്ലാത്തവര്‍ നല്‍കുന്ന തെറ്റായ സാമ്പത്തിക ഉപദേശങ്ങള്‍ മൂലം ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപ്പെടുന്നത് തടയുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
പുതിയ ചട്ടങ്ങള്‍ പ്രകാരം അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ടാക്‌സേഷന്‍ എന്നീ മേഖലകളിലെ പ്രൊഫഷണലുകള്‍ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നതിന് ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ നേടേണ്ടതുണ്ട്. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ എളുപ്പമാക്കുന്നതിനും അനാവശ്യമായ കാലതാമസം ഒഴിവാക്കുന്നതിനും അവസാന നിമിഷം വരെ കാത്തുനില്‍ക്കാതെ നേരത്തെ തന്നെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
സഊദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ സാമ്പത്തിക മേഖലയെ കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമാക്കുന്നതിനായി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ 'സോക്പ'യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
English Summary: Saudi Arabia has introduced strict new regulations for financial consultants and accountants operating within the country. Moving forward, professionals in this sector are required to pass a specialized qualification exam or complete a training program conducted by the Saudi Organization for Chartered and Professional Accountants (SOCPA).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."